Advertisement

‘പ്രതികളെ പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാണ് പൊലീസ്? ശരിയായ അന്വേഷണം നടക്കുന്നില്ല’;പലിശക്കാരുടെ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത ആശയുടെ കുടുംബം

3 hours ago
Google News 2 minutes Read
asha benny's family against police

പലിശക്കാരുടെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി ട്വന്റിഫോറിനോട് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ ഇതുവരെ കണ്ടെത്തുന്നതിന് പോലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്റെ അനാസ്ഥയാണിതെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ല എന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നാളെ പരാതി നല്‍കുമെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. (asha benny’s family against police)

കേസില്‍ അറസ്റ്റില്‍ ആയ പ്രതികളുടെ മകള്‍ക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇത് ഉള്‍പ്പെടെ കാണിച്ചുകൊണ്ടാണ് കുടുംബം പരാതി നല്‍കുന്നത്. മുനമ്പം ഡിവൈഎസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

Read Also: ‘രാഹുൽ മാങ്കൂട്ടത്തിലിന്റേത് അധികാരം കൈപിടിയിൽ ഒതുക്കാൻ ശ്രമിച്ചയാൾക്കുള്ള പതനം; കൂടുതൽ തെളിവുകളും പരാതികളും ഇനിയും പുറത്തുവരും’; പി സരിൻ

മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്താല്‍ പ്രതികളെ പിടികൂടിക്കൂടേ എന്നാണ് ആശയുടെ കുടുംബം ചോദിക്കുന്നത്. ഈ സാഹചര്യത്തില്‍ കുടുംബം സൈബര്‍ സെല്ലിനും പരാതി നല്‍കും. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ പിടിക്കാനായില്ലെങ്കില്‍ എന്തിനാണ് നമ്മുക്ക് പൊലീസ് എന്നും ബെന്നി ചോദിച്ചു.

കോട്ടുവള്ളി സ്വദേശിയായ ദമ്പതികളില്‍ നിന്ന് 2022ല്‍ ആശ വാങ്ങിയ പത്ത് ലക്ഷം രൂപയുടെ പേരിലുള്ള മാനസിക പീഡനമാണ് ഒടുവില്‍ ആശയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി തുടര്‍ന്നപ്പോള്‍ ഇവര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പിന്നാലെ പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തി. എങ്കിലും ഇതിന് വഴങ്ങിയില്ലെന്നാണ് വിവരം. ഇതിനു പിന്നാലെ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.

Story Highlights : asha benny’s family against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here