കെപിസിസി ഭാരവാഹി പട്ടികയിൽ പൂർണ തൃപ്തനല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി ഭാരവാഹി പട്ടികയിൽ താൻ പൂർണ തൃപ്തനല്ലെന്ന് പ്രസിഡന്റ്് മുല്ലപ്പളളി രാമചന്ദ്രൻ. ഭാരവാഹികളുടെ ചെറിയ പട്ടിക നൽകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും മുല്ലപ്പളളി പറഞ്ഞു. സംസ്ഥാന നേതൃത്വം ഹൈകമാൻഡിന് സമർപ്പിച്ച പട്ടികയ്‌ക്കെതിരെ പാർട്ടിക്കുളളിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് മുല്ലപ്പളളിയുടെ പ്രതികരണം.
ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വം സമർപ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പുറത്തുവന്നിരുന്നു. ജംബോ കമ്മിറ്റിയായിട്ട് കൂടി, പട്ടികയിലിടം നേടിയവരിൽ ഭൂരിപക്ഷവും അറുപത് കഴിഞ്ഞവരാണ്. വേണ്ടത്ര യുവജന, വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടികയ്‌ക്കെതിരെ പാർട്ടിക്കുളളിൽ പ്രതിഷേധം പുകയുകയാണ്. ഇതിനിടെയാണ് പട്ടികയിൽ പൂർണ്ണ തൃപ്തനല്ലെന്ന കെപിസിസി അധ്യക്ഷന്റെയും പ്രതികരണം
അതേസമയം, മാധ്യമങ്ങളിലൂടെ പുറത്തുവന്നത് സംസ്ഥാന നേതൃത്വം ഹൈകമാൻഡിന് സമർപ്പിച്ച പട്ടികയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. എ, ഐ ഗ്രൂപ്പുകൾക്ക് പുറമെ കെ മുരളീധരൻ, വി എം സുധീരൻ, പി സി ചാക്കോ എന്നിവർ സ്വന്തം നിലയിലും പട്ടിക സമർപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികളെ പട്ടികയിലുൾപ്പെടുത്തിയതിനെതിരെ പല നേതാക്കളും സോണിയ ഗാന്ധി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here