ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്. നവംബർ 13 മുതൽ 14 വരെ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ വൈകീട്ട് യാത്ര പുറപ്പെടും. ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന.
നൂതന ഭാവിക്കായുള്ള സാമ്പത്തിക വളർച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പുറമേ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ ബ്രിക്സ് ബിസിനസ്സ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലും, ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷനിലും പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്സ് നേതാക്കളും ബ്രിക്സ് ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചയിൽ ബ്രിക്സ് ബിസിനസ്സ് കൗൺസിലും, ന്യൂ ഡെവലപ്മെന്റ് ബാങ്ക് മേധാവിയും റിപ്പോർട്ടുകൾ സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here