Advertisement

18ആം വയസ്സിൽ തുടങ്ങിയ യാത്ര; സുശാന്ത് മാത്യു ബൂട്ടഴിച്ചു: ഫേസ്ബുക്ക് കുറിപ്പ്

November 12, 2019
Google News 1 minute Read

1997 ൽ പന്തുകളിക്കാനായി അമ്പലവയലിൽ നിന്ന് ചുരം ഇറങ്ങിപ്പോയ 18 കാരൻ ആദ്യം എത്തിപ്പെട്ടത് ശിങ്കങ്ങൾ വാഴുന്ന എഫ്.സി.കൊച്ചിനിൽ. പിന്നീടൊരു യാത്രയായിരുന്നു. പല ദേശങ്ങളിൽ, പല വേഷങ്ങളിൽ ഒരേ ആവേശത്തോടെ. ആളാരവത്തിനൊപ്പം കടലിരമ്പവും കേൾക്കുന്ന ഗോവ തിലക് മൈതാനത്ത് വാസ്കോയുടെ കറുപ്പും വെളുപ്പും കുപ്പായത്തിൽ. മുംബൈ മഹാനഗരത്തിൽ ജീപ്പ് കമ്പനിക്കാരുടെ ചോപ്പും കറുപ്പും വേഷത്തിൽ.

പിന്നെ ഹൂഗ്ലി നദിക്കരയിൽ- മൂന്ന് വർഷത്തിനിടെ കൊൽക്കത്തയിലെ പരമ്പരാഗത ശത്രുക്കളായ രണ്ട് തറവാട്ടിലും അയാൾ പ്രിയങ്കരനായി. മഴപെയ്യുന്ന മേഘാലയത്തിലുമെത്തി പിന്നീടയാൾ. മഞ്ഞപ്പടയാളിയായി കൊച്ചിയിൽ, അവിസ്മരണീയമായ ഒരുഗോളും സമ്മാനിച്ച് വീണ്ടും മറാത്തയും മണിപ്പൂരും സന്ദർശിക്കാൻ പോയി. തിരിച്ചെത്തി ഗോകുലം കേരളയുടെ നായകനും നിയന്താവുമായി.

കാൽ നൂറ്റാണ്ടോളം നീളുന്ന പ്രൊഫഷണൽ ഫുട്ബാൾ പരിചയം, ഒപ്പം വിജയൻ മുതൽ ഇർഷാദ് വരെ നീളുന്ന പലതലമുറകൾക്കൊപ്പം കളിച്ച തഴക്കം. കാലത്തിന്റെ യാത്രയിൽ‍ മാറ്റംവരാതെ കുടിയേറ്റ കർഷകന്റെ കരളുറപ്പും പോരാട്ട വീര്യവും അയാളിൽ ഇന്നുമുണ്ട്. കളി നിർത്തിയാലും പ്രിയ സുശാന്ത് നിങ്ങൾ കളത്തിലുണ്ടാവണം. കഠിനാധ്വാനം എന്ത്, സമർപ്പണം എങ്ങനെയാവണം എന്നതിന്റെ പാഠപുസ്തകമാണ് നിങ്ങൾ. അത് നമ്മുടെ പുതിയ കുട്ടികൾക്ക് പകർന്ന് നൽകണം.

ഐ എസ്‌ എൽ കാലത്ത് മറവിയുടെ വെളിയടക്കുളളിലായിപ്പോയ നിറവാർ‍ന്ന ഒരു ചിത്രം നിങ്ങൾക്കായി സമർപ്പിക്കുന്നു .

2003 ഓഗസ്റ്റ് നാല്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ് ക്വാർട്ടർ ഫൈനൽ. പ്രതാപകാലം അവസാനിച്ച വാസ്കോ ഗോവ ഉഗ്രപ്രതാപികളായ ഈസ്റ്റ് ബംഗാളിനെ നേരിടുന്നു. ഉച്ചയോടെ സ്റ്റേഡിയം നിറഞ്ഞു. റെഡ് ആൻഡ് ഗോൾഡ് പതാക സ്റ്റേഡിയത്തെ മൊത്തം മൂടി. സ്വന്തം ഗ്രൗണ്ടിൽ ഒരു ലക്ഷത്തിലധികം വരുന്ന ഈസ്റ്റ് ബംഗാൾ ആരാധകരുടെ കാതടപ്പിക്കുന്ന ആരവങ്ങളും ആക്രോശങ്ങളും, അവ സ്‌റ്റേഡിയത്തിന്റെ മേൽ‍ക്കൂരയും കടന്ന്‌ ആർ‍ത്തിരമ്പി ആകാശത്തേക്കു പടരുന്നു. ആദ്യം ഈസ്റ്റ് ബംഗാളാണ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്, ഗ്യാലറി ഇളകി മറിഞ്ഞു. വാസ്കോ എത്തുമ്പോൾ കല്ലും പടക്കങ്ങളും.

ഇരു ടീമുകളും ലൈനപ്പ് ചെയ്തു. ആസിയാൻ കപ്പ് ജയിച്ച, നാഷണൽ ലീഗിൽ വാസ്‌കോയെ ഏതാനും ദിവസം മുൻപ് നാല് ഗോളുകൾക്ക്‌ തകർത്ത ആത്മവിശ്വാസം ഈസ്റ്റ് ബംഗാൾ കളിക്കാരുടെ മുഖത്ത് കാണാം. സന്ദീപ് നന്ദി, ദിപാങ്കർ റോയ്, മഹേഷ് ഗാവ്‌ലി, എം.സുരേഷ്, ദേബ്‌ജിത്‌ ഘോഷ്, സുഭാഷ് ചക്രവർത്തി, ഷൈലോ മൽസ്വാതുലുങ്ക, ചന്ദൻ ദാസ്, ബ്രസീലിയൻ ഡഗ്ലസ്‌ ഡിസിൽവ, നൈജീരിയൻ മൈക്ക് ഒക്കോരോ പിന്നെ സാക്ഷാൽ ബൈച്ചുങ് ബുട്ടിയ.സുലെ മൂസ, രാമൻ വിജയൻ തുടങ്ങിയവരെല്ലാം ബെഞ്ചിലുമുണ്ട്. ഇന്ത്യൻ നാഷണൽ ടീമിനൊപ്പം ഏറ്റവും മികച്ച രണ്ട് വിദേശ കളിക്കാരും ചേർന്ന ആ ലൈനപ്പ്, കേട്ടാൽ തന്നെ മുട്ട് വിറക്കും.

വാസ്കോയുടെ ലൈനപ്പ് കണ്ടപ്പോൾ നിരാശ, കളിക്കാൻ ഇറങ്ങാതെ ഈസ്റ്റ് ബംഗാളിന് വാക്കോവർ കൊടുത്തൂടെ എന്ന് തോന്നി. പോസ്റ്റിൽ സജി ജോയ്. സെബി ഡയസ്, ജോൺ ഡയസ്, സെൽവിൻ ഫെർണാണ്ടസ്, വിനു ജോസ്, കമാൽ ഥാപ്പ, ഡെന്നിസ് കബ്രാൾ, മെനിനോ ഫെർണാണ്ടസ്, കെ.അജയൻ, മുഹമ്മദ് ഖൈസർ, എയ്ഞ്ചലോ ഗോമസ്.

കളി തുടങ്ങി, ‘എക്‌ഷോ ബൊച്ചോർ ധോരെ…’ എന്ന ടീം ഗാനത്തിനൊപ്പം ഈസ്റ്റ് ബംഗാൾ ആക്രമണത്തിന്റെ അലയടി. ആദ്യമൊന്ന് പതറിയ വാസ്കോ പതിയെ തിരിച്ചുവരുന്നു. പോസ്റ്റിൽ സജി ജോയ് മികച്ച ഫോമിൽ, ബുട്ടിയയും ഒക്കോരുവുമെല്ലാം ഥാപ്പക്കും വിനു ജോസിനും മുന്നിൽ പതറുന്നു. അജയൻ മധ്യനിരയിൽ വിറകുവെട്ടുകാരനെ പോലെ അധ്വാനിക്കുന്നു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും ഈസ്റ്റ് ബംഗാൾ ആക്രമണം തടയുക എന്ന ഒറ്റ അജണ്ടയിലാണ് വാസ്കോ.

കളി തീരാൻ 20 മിനിറ്റ് ബാക്കി, ഗ്യാലറിൽ നിന്നുള്ള ഏറ് പേടിച്ച് ഒരു കുറിയ മനുഷ്യൻ വാസ്കോ ഡഗ്ഔട്ടിന് പിന്നിൽ വാം അപ്പ് ചെയ്യുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം എയ്ഞ്ചലോ ഗോമസിനെ തിരിച്ച് വിളിച്ച് കോച്ച് അവനെ ഗ്രൗണ്ടിലേക്ക് വിട്ടു. കളി തീരാൻ ഏതാനും മിനിറ്റുകൾ മാത്രം. ഈസ്റ്റ് ബംഗാൾ ആക്രമണത്തിനിടെ വാസ്കോയുടെ ഒരു കൗണ്ടർ അറ്റാക്ക്. അജയൻ നിന്നിടത്ത് നിന്ന് വട്ടം ചുറ്റി പന്ത് ഉയർത്തിയടിക്കുന്നു, ലെവി കൊയ്‌ലോയുടെ ഉയർന്നു ചാടിയുള്ള ഹെഡർ. എവിടെ നിന്നോ ഓടിയെത്തിയ ആ കുറിയ മനുഷ്യന്റെ കാലിൽ നിന്ന് തീപാറുന്ന ഒരു വോളി. ഗോൾ, ഗോൾ, ഗോൾ, വാട്ട് എ ഗോൾ സുശാന്ത്, യെസ് സുശാന്ത് മാത്യു… മത്സരാഖ്യാനം നടത്തുന്ന നോവി കപാഡിയ അലറിവിളിക്കുന്നു.

ലവ് യു പ്രിയ സുശാന്ത്

(ഫേസ്ബുക്കിൽ ജാഫർ ഖാൻ എഴുതിയ കുറിപ്പ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here