വാളയാർ കേസ്; പുനർവിചാരണയാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

വാളയാർ കേസിൽ പുനർവിചാരണയാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ. കേസിൽ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പെൺകുട്ടിയുടെ മാതാവ് സമർപിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ സിബിഐ അന്വേഷണം ഇവർ ആവശ്യപ്പെട്ടിട്ടില്ല.
രാവിലെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനൊപ്പമാണ് അപ്പീൽ ഹർജി സമർപ്പിക്കുന്നതിന് പെൺകുട്ടികളുടെ മാതാപിതാക്കൾ എത്തിയത്. അഡ്വക്കേറ്റ് സിപി ഉദയഭാനുവിനെ കണ്ട് ഇവർ ചർച്ച നടത്തി. പിന്നാലെ കേസിൽ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചു. കേസിൽ പുനർവിചാരണ വേണമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പൊലീസും പ്രോസിക്യൂഷനും കേസിൽ വരുത്തിയ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് അപ്പീൽ ഹർജി നൽകിയത്. ഭരണപക്ഷ പാർട്ടിയിലെ അംഗമായ പ്രതികളിലൊരാളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ നേരിട്ട് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് കേസ് അട്ടിമറിച്ചതിന് തെളിവാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിൽ വിചാരണ കോടതി കാഴ്ചക്കാരന്റെ റോളിലായിരുന്നെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here