വാളയാര്‍ കേസിലെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു ; പാലക്കാട് എസ്പി ശിവ വിക്രം

വാളയാര്‍ കേസിലെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് പാലക്കാട് എസ്പി ശിവ വിക്രം. ആലുവയില്‍ നടന്ന ജുഡീഷ്യല്‍ കമ്മീഷന്‍ സിറ്റിംഗിലാണ് ശിവ വിക്രം മൊഴി നല്‍കിയത്. കേസിന്റെ വിചാരണ ഘട്ടത്തില്‍ വീഴ്ച സംഭവിച്ചു എന്നാണ് താന്‍ കോടതി ഉത്തരവില്‍ നിന്നും മനസിലാക്കിയതെന്ന് ശിവ വിക്രം കമ്മീഷനോട് പറഞ്ഞു.
ഡിവൈഎസ്പി സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് ശിവ വിക്രം നല്‍കിയ മൊഴി. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ എസ്‌ഐ പിസി ചാക്കോയ്ക്ക് വീഴ്ച സംഭവിച്ചെന്ന് എസ്പി കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലുമാണ് വീഴ്ച സംഭവിച്ചത്.
വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതിരുന്നത് ഏറെ വിവാദമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. പൊലീസ് അന്വേഷണത്തിലോ, പ്രോസിക്യൂഷന്റെ ഭാഗത്തോ ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും പ്രോസിക്യൂട്ടരിലൊരാളായ ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴി എടുക്കും. പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ദേവേഷ് കുമാര്‍ ബഹറ, പ്രതീഷ് കുമാര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ മൊഴി എടുക്കും. മൊഴിയെടുക്കല്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 15 ന് പാലക്കാടാണ് ജുഡീഷ്യല്‍ കമ്മീഷന്റെ അവസാന സിറ്റിംഗ്.
Story Highlights- Commission inquiry, Vallayar case, SP Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here