കേരളത്തില്‍ ആദ്യമായി ഹൈഡ്രോ തെറാപ്പി സെന്റര്‍; നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും

കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്ററിന്റെ നിര്‍മാണം തൃശൂര്‍ ഇരിങ്ങാലക്കുട കല്ലേറ്റുകരയില്‍ പുരോഗമിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനിലാണ് ഹൈഡ്രോ തെറാപ്പി സെന്റര്‍ സ്ഥാപിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 2.18 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
സെറിബ്രല്‍ പാള്‍സി, സ്പൈനല്‍ ഇഞ്ചുറി, ഒരു വശം തളര്‍ന്നു പോയവര്‍, അങ്ങനെ നാഡീസംബന്ധമായ അസുഖമുള്ളവര്‍ക്ക് വെള്ളത്തിന്റെ പ്രഷറും ടെമ്പറേച്ചറും നിയന്ത്രിച്ചുകൊണ്ട് തെറാപ്പി നടത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോ തെറാപ്പി.
കുട്ടികള്‍ക്ക് ചലന വേഗം ലഭിക്കുന്നതിന് സ്പീഡര്‍ റിക്കവറി എന്നത് അടിസ്ഥാനമാക്കിയാണ് ഹൈഡ്രോ തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനം സജ്ജീകരിക്കുക. ഇത്തരം ചികിത്സാരീതി ഉപയോഗിക്കുന്ന ഇന്ന് അപൂര്‍വം ചില സ്ഥാപനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. കേരളത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ഇത്തരത്തിലൊരു തെറാപ്പി സമ്പ്രദായം ഏറെ ഗുണം ചെയ്യും. അമേരിക്കന്‍ ഡിസബിലിറ്റി ആക്ടിലെ മാനദണ്ഡപ്രകാരം ഉള്ള ഹൈഡ്രോ തെറാപ്പി സംവിധാനമാണ് ഇവിടെ സ്ഥാപിക്കുകയെന്നും മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here