കരാറെടുത്ത സ്ഥാപനം ശർക്കര നൽകിയില്ല; ശബരിമല അപ്പം, അരവണ നിർമ്മാണം പ്രതിസന്ധിയിൽ

ശബരിമലയിലെ അപ്പം,അരവണ നിര്‍മ്മാണം വന്‍പ്രതിസന്ധിയിലേക്ക്. കരാറെടുത്ത സ്ഥാപനം ശര്‍ക്കര നല്‍കാത്തതിനെ തുടര്‍ന്നാണിത്. 40 ലക്ഷം കിലോ ശര്‍ക്കര ലഭിക്കേണ്ടിടത്ത് ഒരു കിലോ പോലും കരാറെടുത്ത സ്ഥാപനം നല്‍കിയിട്ടില്ല. കഷ്ടിച്ച് അഞ്ചു ദിവസത്തേക്കുള്ള ശര്‍ക്കര മാത്രമാണ് ഇപ്പോള്‍ സ്‌റ്റോക്കുള്ളത്. കഴിഞ്ഞ വര്‍ഷം കരാറെടുത്തവര്‍ നല്‍കേണ്ട ബാക്കി ശര്‍ക്കര നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അതും ലഭിച്ചിട്ടില്ല.

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവകാലത്തേക്ക് 40 ലക്ഷം കിലോ ശര്‍ക്കരയാണ് ആവശ്യമുള്ളത്. ശബരിമല പ്രസാദമായ അപ്പം, അരവണ നിര്‍മ്മാണത്തിനും പായസം നിര്‍മ്മാണത്തിനുമായാണ് ഇതുപയോഗിക്കുന്നത്. ഈ വര്‍ഷത്തെ ശര്‍ക്കര വിതരണത്തിന്റെ കരാര്‍ മഹാരാഷ്ട്രയിലെ വര്‍ധാന്‍ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തു. എന്നാല്‍ ഇതുവരേയും ശര്‍ക്കര വിതരണം ചെയ്യാന്‍ സ്ഥാപനം തയാറായില്ല.

നവംബര്‍ 10 നു മുമ്പായി 10 ലക്ഷം കിലോ ശര്‍ക്കര നല്‍കണമെന്ന് ആവശ്യപ്പെട്ട് 2019 സെപ്റ്റംബര്‍ അഞ്ചിനു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വര്‍ധാന്‍ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡിനു കത്തു നല്‍കി. ഇതു ലഭിക്കാത്തതിനാല്‍ നവംബര്‍ 15നു മുമ്പായി ശര്‍ക്കര 2019 നവംബര്‍ എട്ടിനു വീണ്ടും കത്തു നല്‍കി. എന്നാല്‍ ഇതുവരേയും ശര്‍ക്കര വിതരണം ആരംഭിക്കാന്‍ സ്ഥാപനം തയാറായില്ല. കഴിഞ്ഞ വര്‍ഷം ശര്‍ക്കര കരാര്‍ ഏറ്റെടുത്ത എസ്.പി ഷുഗര്‍ അഗ്രോ ലിമിറ്റഡ് 12 ലക്ഷം കിലോ നല്‍കാനുണ്ടായിരുന്നു. ഇതു നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതിലും നടപടിയുണ്ടായില്ല. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴ കാരണം കരാറെടുത്ത സ്ഥാപനത്തിന്റെ ഫാക്ടറികളില്‍ ഉല്‍പ്പാദനം തുടങ്ങിയതു പോലുമില്ല. ഈ വര്‍ഷം ശര്‍ക്കര കരാര്‍ ഒരു സ്ഥാപനത്തിനു മാത്രമാണ് നല്‍കിയിട്ടുള്ളത്. ശര്‍ക്കര വിതരണം ചെയ്യാതെ വീഴ്ച വരുത്തിയതിലൂടെ പ്രസാദ നിര്‍മ്മാണത്തില്‍ വന്‍പ്രതിസന്ധിയുണ്ടാകുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ശബരിമല സ്‌റ്റോറില്‍ 3,30,000 കിലോ ശര്‍ക്കര മാത്രമാണ് സ്‌റ്റോക്കുള്ളത്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി ഒഴിവാക്കാന്‍ ശര്‍ക്കര ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ അനുവദിക്കണമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More