കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 36 ഖാദി നൂല്‍പ്പ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലുള്ള 36 ഖാദി നൂല്‍പ്പ് കേന്ദ്രങ്ങളാണ് കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ അടച്ചു പൂട്ടിയത്. അറുപത്തിയാറ് കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഇതില്‍ പകുതിയിലേറെ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതോടെ എണ്ണുറോളം തൊഴിലാളികള്‍ പട്ടിണിയിലായി. പ്രവര്‍ത്തിക്കുന്ന നൂല്‍പ്പ് കേന്ദ്രങ്ങളില്‍ തൊഴിലില്ലാത്ത അവസ്ഥയാണ്.
ലക്ഷക്കണക്കിന് രൂപയുടെ നൂല്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നുണ്ട്. പരുത്തി വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പയ്യന്നൂര്‍ ഏറ്റുകുടുക്കയിലെ പരുത്തി സംസ്‌കരണ കേന്ദ്രവും പൂട്ടി. 12 കോടി രൂപയാണ് ഖാദി ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് നല്‍കാനുള്ളത്. ഇത് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. റിബേറ്റിനത്തില്‍ പ്രഖ്യാപിച്ച തുക പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെങ്കില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ഖാദി കേന്ദ്രം പൂര്‍ണമായും പൂട്ടേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here