പൊലീസ് ഡാറ്റബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താൽപര്യപ്രകാരമെന്ന് പ്രതിപക്ഷം

അതീവ സുരക്ഷ വിവരങ്ങളുടെ പൊലീസ് ഡാറ്റബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താൽപര്യപ്രകാരമാണെന്ന് പ്രതിപക്ഷം. ഊരാളുങ്കലിന്റെ ഡാറ്റ ബേസ് പിടിച്ചെടുത്ത് സീൽ ചെയ്യണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷം അനാവശ്യ ഭീതിപരത്തുകയാണെന്നും ഡാറ്റാ വിവരങ്ങൾ ഭദ്രമാണെന്നും മുഖ്യമന്തി വ്യക്തമാക്കി.
പാസ്‌പോർട്ട് സേവനങ്ങൾക്കുള്ള സോഫ്റ്റ് വെയർ നിർമ്മിക്കാനെന്ന പേരിൽ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് സുരക്ഷാ വിവരങ്ങൾ അടങ്ങിയ ഡാറ്റബേസ് കൈമാറിയതിനെതിരെ കെ എസ് ശബരിനാഥനാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സിപിഐഎമ്മിന്റെ സഹോദര സ്ഥാപനമായ സൊസൈറ്റിക്ക് കരാർ നൽകിയതിൽ അഴിമതി ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഡാറ്റബേസ് കൈമാറ്റത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്ന ഗുരുതര ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
ഡാറ്റബേസ് സുരക്ഷയെ ബാധിക്കാത്ത രീതിയിലായിരിക്കും നടപടി ക്രമങ്ങളെന്ന് മുഖ്യമന്തി മറുപടി നൽകി. ഊരാളുങ്കൽ-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് രൂക്ഷമായിട്ടായിരുന്നു പ്രതികരണം. സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here