ശബരിമല യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം

ശബരിമല യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രത നിർദേശം. അക്രമത്തിനു മുതിർന്നാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
സമൂഹ മാധ്യമങ്ങൾ വ്യാപകമായി നിരീക്ഷിക്കാനും തീരുമാനമായി. വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ മുൻപുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി നാളെ രാവിലെ 10.30 നാണ് വിധി പറയുക. യുവതിപ്രവേശന വിധിക്കെതിരെ 56 പുനഃപരിശോധനാ ഹർജികളാണ് സുപ്രിംകോടതിയുടെ പരിഗണനക്ക് എത്തിയത്.
വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവർക്കും ഒരുപോലെയാകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത. വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
മുൻ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. ഇതിനെതിരെ സുപ്രിംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും അധികം പുനഃപരിശോധന ഹർജികൾ എത്തിയ കേസുകളുടെ കൂട്ടത്തിലേക്ക് ശബരിമലയും എത്തി. ശബരിമല യുവതീ പ്രവേശന വിധി ഒരു വർഷം പിന്നിടുമ്പോഴാണ് പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി വിധി പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here