ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം; ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ചെങ്ങന്നൂരിൽ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ. ബംഗ്ലാദേശ് പൗരന്മാരായ ലബാലു, ജുവൽ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആർപിഎഫും റെയിൽവേ പൊലീസും ചേർന്നാണ് ഇരുവരേയും പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോൻ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. അടുക്കളയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിൻവാതിൽ ചാരിയ നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോർ റൂമിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര പൊലീസ് കണ്ടെടുത്തിരുന്നു.
ദമ്പതികളുടെ വീടിന് സമീപം താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ലബാലു, ജുവൽ എന്നിവരിലേക്ക് നീണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here