ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; മനാഫിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. നേരത്തെ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനാലാണ് ഇന്ന് വീണ്ടും മനാഫിനെ ചോദ്യം ചെയ്യുന്നത്. തന്റെ പക്കൽ തെളിവുകളുണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും അന്വേഷണസംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.
ബൽത്തങ്ങടിയിലെ പ്രത്യേക അന്വേഷണസംഘം (SIT) ഓഫീസിൽ രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി ആക്ഷൻ കമ്മിറ്റി അംഗങ്ങളായ ജയന്ത്, ഗിരീഷ് മട്ടന്നവർ എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. യൂട്യൂബർ അഭിഷേകിനെയും SIT ചോദ്യം ചെയ്തിട്ടുണ്ട്.
Read Also: ബീഹാർ വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ
ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ മറവുചെയ്തെന്ന മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന നടന്നതായി അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ വെളിപ്പെടുത്തൽ നടത്താൻ ചിലർ തന്നെ നിർബന്ധിച്ചുവെന്ന ചിന്നയ്യയുടെ പുതിയ മൊഴിയാണ് കേസിന്റെ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട ബലാത്സംഗ ആരോപണങ്ങളിൽ തന്റെ പക്കൽ തെളിവുകളുണ്ടെന്ന് മനാഫ് യൂട്യൂബ് ചാനലുകളിലൂടെ അവകാശപ്പെട്ടിരുന്നു. കൂടാതെ ഈ വിഷയത്തിൽ നിരവധി വീഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
Story Highlights : Dharmasthala revelation; Manaf to be questioned by special investigation team today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here