ഇഞ്ചുറി ടൈമിൽ രക്ഷകനായി ദുംഗൽ; ഇന്ത്യക്ക് സമനില

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് സമനില. ഓരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സെയ്മിൻലെൻ ദുംഗൽ നേടിയ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. ആദ്യ പകുതിയിൽ അഫ്ഗാൻ ഒരു ഗോളിനു മുന്നിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മന്ദർ റാവു ദേശായിക്ക് പകരം ഫറൂഖ് ചൗധരിയെ ഇറക്കി സ്റ്റിമാച് ആക്രമണ സൂചന നൽകി. അത് കളിക്കളത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ആദ്യ പകുതിയെക്കാൾ ഒത്തിണക്കം പ്രകടിപ്പിച്ച ഇന്ത്യ മെല്ലെ കളിയിലേക്ക് തിരികെ വരാൻ തുടങ്ങി. അഫ്ഗാൻ ഗോൾ കീപ്പറെ തുടർച്ചയായി പരീക്ഷിച്ച ഇന്ത്യക്ക് മോശം ഫിനിഷിംഗാണ് തിരിച്ചടിയായത്. പ്രിതം കോട്ടാലിൻ്റെ ക്രോസിൽ തലവെച്ച ഛേത്രി കീപ്പറുടെ നേർക്ക് പന്ത് തിരിച്ചു വിട്ടപ്പോൾ പ്രണോയ് ഹോൾഡറുടെ ഷോട്ട് ക്രോസ് ബാറിനെ ഉരുമിപ്പറന്നു. ഇതിനിടെ ഓപ്പൺ ബോക്സിൽ ലഭിച്ച അവസരം ഗോളാക്കാൻ കഴിയാതെ പോയ സുനിൽ ഛേത്രി ഒരിക്കൽ കൂടി ഇന്ത്യൻ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി.

ഇതിനിടെ സഹലിനെ കോച്ച് പിൻവലിച്ചു. 59ആം മിനിട്ടിൽ മൻവീർ സിംഗ് സഹലിനു പകരം എത്തിയതോടെ ഇന്ത്യയുടെ ആക്രമണം മൂർച്ച വർധിപ്പിച്ചു. എങ്ങനെയും സമനില ഗോൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ കൈ മെയ് മറന്നു പോരാടിയതോടെ മത്സരം ആവേശക്കാഴ്ചയായി. പ്രണോയ് ഹാൾഡറും ബ്രെണ്ടൻ ഫെർണാണ്ടസും ചില ലോംഗ് റേഞ്ചറുകൾ പരീക്ഷിച്ചെങ്കിലും ഭാഗ്യമുണ്ടായില്ല. 76ആം മിനിട്ടിൽ പ്രിതം കോട്ടാലിനെ പിൻവലിച്ച് സെയ്മിൻലെൻ ദുംഗലിനെ ഇഗോർ സ്റ്റിമാച് കളത്തിലിറക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ, കളി അവസാനിക്കാൻ ഒരു മിനിട്ട് മാത്രം ശേഷിക്കെ ഇന്ത്യ സമനില ഗോൾ കണ്ടെത്തി. ബ്രണ്ടൻ ഫെർണാണ്ടസിൻ്റെ കോർണറിൽ തലവെച്ച ദുംഗൽ അനായാസം അഫ്ഗാൻ കീപ്പറെ കീഴടക്കുകയായിരുന്നു.

ആദ്യ പകുതിയിൽ അഫ്ഗാൻ ആധിപത്യമായിരുന്നു. കടുത്ത പ്രസിംഗ് കാഴ്ച വെച്ച അഫ്ഗാനിസ്ഥാൻ പലവട്ടം സ്കോറിംഗിനരികിലെത്തി. പന്ത് പിടിച്ചു നിർത്താൻ പാടുപെട്ട ഇന്ത്യ മിസ്പാസുകൾ കൊണ്ട് അഫ്ഗാനിസ്ഥാനെ സഹായിക്കുകയും ചെയ്തു. ഏതു നേരവും ഗോൾ വീഴാമെന്ന പ്രതീതിയായിരുന്നു ഇന്ത്യൻ ഗോൾമുഖത്ത്.

ആദ്യ പകുതിക്ക് വിസിൽ മുഴങ്ങാൻ മിനിട്ടുകൾ ശേഷിക്കെയാണ് അഫ്ഗാൻ വെടി പൊട്ടിച്ചത്. ഇഞ്ചുറി ടൈമിൻ്റെ ആദ്യ മിനിട്ടിൽ, റൈറ്റ് വിങ്ങിൽ നിന്ന് ഡേവിഡ് നജെം നൽകിയ ക്രോസ് രാഹുൽ ഭേക്കെയെ മറികടന്ന് ബോക്സിലേക്ക്. ഒരു കരുത്തുറ്റ ഷോട്ടിലൂടെ ആ ക്രോസ് നസാരി വലയിലേക്ക് തിരിച്ചു വിട്ടു. ഗുർപ്രീതിൻ്റെ കയ്യിലുരുമ്മിയ പന്ത് ഗോൾവല കടന്നു.

സമനിലയോടെ ഇന്ത്യ നാലാം സ്ഥാനത്തു തന്നെ തുടരുകയാണ്. നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലകളും ഒരു തോൽവിയുമായി മൂന്ന് പോയിൻ്റുകളാണ് ഇന്ത്യക്ക് ഉള്ളത്. ഈ മാസം 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More