ആദ്യ പകുതിയിൽ അഫ്ഗാൻ വാഴ്ച; ഇന്ത്യ ഒരു ഗോളിനു പിന്നിൽ

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ഗോളിനു പിന്നിൽ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സൽഫഗർ നസാരിയാണ് അഫ്ഗാനു വേണ്ടി ഗോൾ നേടിയത്.
കളിയിൽ അഫ്ഗാനിസ്ഥാനാണ് മുന്നിട്ടു നിന്നത്. അച്ചടക്കത്തോടെ പന്തു തട്ടിയ അവർ പലവട്ടം ഇന്ത്യൻ പ്രതിരോധത്തെ പരീക്ഷിച്ചു. ആദ്യ ചില മിനിട്ടുകളിലെ ഇന്ത്യൻ ആക്രമണം മാറ്റി നിർത്തിയാൽ പിന്നീടങ്ങോട്ട് ആതിഥേയർ കളം വാഴുകയായിരുന്നു. കടുത്ത പ്രസിംഗ് കാഴ്ച വെച്ച അഫ്ഗാനിസ്ഥാൻ പലവട്ടം സ്കോറിംഗിനരികിലെത്തി. പന്ത് പിടിച്ചു നിർത്താൻ പാടുപെട്ട ഇന്ത്യ മിസ്പാസുകൾ കൊണ്ട് അഫ്ഗാനിസ്ഥാനെ സഹായിക്കുകയും ചെയ്തു. ഏതു നേരവും ഗോൾ വീഴാമെന്ന പ്രതീതിയായിരുന്നു ഇന്ത്യൻ ഗോൾമുഖത്ത്. ഇടക്ക് ഇന്ത്യ അഫ്ഗാനിസ്ഥാൻ ഗോൾ പോസ്റ്റിൽ ഭീതി പരത്തിയെങ്കിലും പന്ത് കൂടുതലും ഇന്ത്യയുടെ പകുതിയിൽ തന്നെയായിരുന്നു. ആഷിഖിൻ്റെ സോളോ റണ്ണും ലോംഗ് റേഞ്ചറും ലക്ഷ്യത്തിലെത്തിയില്ല.
ആദ്യ പകുതിക്ക് വിസിൽ മുഴങ്ങാൻ മിനിട്ടുകൾ ശേഷിക്കെയാണ് അഫ്ഗാൻ ആദ്യ വെടി പൊട്ടിച്ചത്. ഇഞ്ചുറി ടൈമിൻ്റെ ആദ്യ മിനിട്ടിൽ, റൈറ്റ് വിങ്ങിൽ നിന്ന് ഡേവിഡ് നജെം നൽകിയ ക്രോസ് രാഹുൽ ഭേക്കെയെ മറികടന്ന് ബോക്സിലേക്ക്. ഒരു കരുത്തുറ്റ ഷോട്ടിലൂടെ ആ ക്രോസ് നസാരി വലയിലേക്ക് തിരിച്ചു വിട്ടു. ഗുർപ്രീതിൻ്റെ കയ്യിലുരുമ്മിയ പന്ത് ഗോൾവല കടന്നു. തൊട്ടടുത്ത മിനിട്ടിൽ ബ്രാണ്ടൻ ഫെർണാണ്ടസിൻ്റെ ഒരു ലോംഗ് റേഞ്ചർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തു പോയതോടെ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here