റായുഡുവും ജാദവും ചെന്നൈയിൽ നിന്ന് പുറത്തേക്ക്; മക്ലാനഗൻ മുംബൈയിൽ നിന്ന് പുറത്തേക്ക്: വരും സീസണിലേക്കുള്ള തയ്യാറെടുപ്പുകളുമായി ടീമുകൾ

വരും ഐപിഎൽ സീസണിലേക്കുള്ള താരലേലം അടുത്ത മാസമാണ്. ഡിസംബർ 19നു നടക്കുന്ന ലേലത്തിനു മുന്നോടിയായി ടീമുകൾ അവസാന വട്ട തയ്യാറെടുപ്പിലാണ്. പല ടീമുകളും താരങ്ങളെ റിലീസ് ചെയ്യുകയും ടീമിലെത്തിക്കുകയും ചെയ്തു. അതേ സമയം, ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും പല താരങ്ങളെയും റിലീസ് ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.

ചെന്നൈ സൂപ്പർ കിംഗ്സ് മികച്ച താരങ്ങളെയാണ് റിലീസ് ചെയ്യുന്നത്. അമ്പാട്ടി റായുഡു, കേദാർ ജാദവ്, മുരളി വിജയ്, കരൺ ശർമ്മ, ശർദ്ദുൽ താക്കൂർ എന്നീ താരങ്ങളെ വരും ദിവസങ്ങളിൽ ചെന്നൈ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മുരളിൽ വിജയിനെയും കരൺ ശർമ്മയെയും മാറ്റി നിർത്തിയാൽ ബാറ്റിംഗ് നിരയിലെയും ബൗളിംഗ് നിരയിലെയും പ്രധാനികളായ താരങ്ങളാണ് ഇവർ. ഇവരെ ഒഴിവാക്കുന്നതിലൂടെ ടീം പൊളിച്ചെഴുത്തിനാവും ചെന്നൈ ശ്രമിക്കുക. കേദാർ ജാദവിനെ 7.8 കോടി രൂപക്കും കരൺ ശർമ്മയെ അഞ്ചു കോടി രൂപക്കും ശർദ്ദുൽ താക്കൂറിനെ രണ്ട് കോടി രൂപക്കുമാണ് ചെന്നൈ ടീമിലെത്തിച്ചത്. ഇവരെ റിലീസ് ചെയ്യുന്നതോടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ചെന്നൈക്ക് കഴിയും.

മുംബൈ ആവട്ടെ, എവിൻ ലൂയിസ്, മിച്ചൽ മക്ലാനഗൻ എന്നീ മികച്ച രണ്ട് താരങ്ങൾക്കൊപ്പം ജയന്ത് യാദവ്, അന്മോൾപ്രീത് സിംഗ് എന്നീ ഇന്ത്യൻ താരങ്ങളെയും റിലീസ് ചെയ്യുകയാണെന്നാണ് സൂചന. 2018ൽ ടീമിലെത്തിയ ലൂയിസ് ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചുവെങ്കിലും സ്ഥിരതയില്ലാത്തതും ഓപ്പണിംഗ് റോളിൽ കഴിഞ്ഞ സീസണിൽ ക്വിൻ്റൺ ഡികോക്ക് എത്തിയതും താരത്തിനു തിരിച്ചടിയായി. അതേ സമയം, മുംബൈ കുപ്പായത്തിൽ മികച്ച റെക്കോർഡുള്ള മിച്ചൽ മക്ലാനഗനെ റിലീസ് ചെയ്യുന്നത് ഡൽഹിയിൽ നിന്നും ട്രെൻ്റ് ബോൾട്ട് എത്തിയതു കൊണ്ടാണെന്നാണ് വിവരം. എങ്കിലും സുപ്രധാന മത്സരങ്ങളിൽ മുംബൈക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള മക്ലാനഗനെ മറ്റേതെങ്കിലും ടീം സ്വന്തമാക്കാൻ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More