Advertisement

ശബരിമല: പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ചിൽ തന്നെ; വിശാല ബെഞ്ചിന്റെ തീർപ്പിന് ശേഷം പരിഗണിക്കും

November 14, 2019
0 minutes Read

ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പായില്ല. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി ഏഴ് വിഷയങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കൈമാറി. ഈ വിഷയങ്ങളിൽ വിശാല ബെഞ്ചിന്റെ തീർപ്പിന് ശേഷമായിരിക്കും പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുക. അതുവരെ പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ചിൽ തുടരും. അതേസമയം, യുവതീ പ്രവേശനം അനുവദിച്ച 2018 സെപ്തംബർ 28 ലെ ഉത്തരവ് തുടരും.

മതാചാരവും ഭരണഘടനാ ധാർമ്മികതയും തമ്മിലുള്ള ബന്ധം ഉൾപ്പെടെ ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് വിട്ടിരിക്കുന്നത്. വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ 56 പുനഃപരിശോധനാ ഹർജികൾ നിലവിലെ അഞ്ചംഗ ബെഞ്ചിൽ തുടരും. ഭൂരിപക്ഷ വിധിയിൽ ഒപ്പുവച്ചത് മൂന്ന് പേരാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവർ അനുകൂലിച്ചപ്പോൾ ആർ.എഫ്. നരിമാൻ ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിയോജിച്ച് വിധിയെഴുതി.

ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ് വിധിക്ക് കേരള സർക്കാർ പ്രചാരണം നൽകണമെന്ന് അഭിപ്രായപ്പെട്ടു.

സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന അക്രമ സമരങ്ങൾക്കെതിരെ ജസ്റ്റിസ് നരിമാൻ രൂക്ഷമായ വിമർശനമാണ് ഭിന്നവിധിയിൽ നടത്തിയത്. സമരം ഭരണഘടനാ വിരുദ്ധമാണെന്ന് നരിമാൻ വിധിയിൽ വ്യക്തമാക്കി

വിശാല  ബഞ്ച് തീർപ്പ് കൽപ്പിക്കേണ്ട ഏഴ് വിഷയങ്ങൾ

1. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കോ മതാചാര്യന്മാർക്കോ?
2. മതവിശ്വാസത്തിനുള്ള അവകാശവും തുല്യതയ്ക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടുത്തണം ?
3. ഒഴിച്ചുകൂടാനാകാത്തതെന്ന് പറയുന്ന മതാചാരങ്ങൾക്ക് ഭരണഘടനാപരിരക്ഷയുണ്ടോ ?
4. മതവിശ്വാസത്തിനുള്ള അവകാശം ക്രമസമാധാനത്തിനും സദാചാരത്തിനും വിധേയമാണ് എന്ന വ്യവസ്ഥയുടെ അർഥമെന്താണ് ?
5. സദാചാരം, ഭരണഘടനാ സദാചാരം എന്നതിന്റെ കൃത്യമായ നിർവചനം എന്താണ് ?
6. മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന അനുച്ഛേദം 25 ൽ പറയുന്ന ഹിന്ദുവിഭാഗങ്ങളുടെ അർഥവ്യാപ്തി എന്താണ് ?
7. ഒരു മതത്തിന്റെ ആചാരങ്ങൾ ചോദ്യം ചെയ്ത് പൊതുതാൽപര്യഹർജി നൽകാൻ മറ്റുമതസ്ഥർക്ക് എത്രത്തോളം അവകാശമുണ്ട് ?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top