വിദേശ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി സൗദി അറേബ്യ

വിദേശ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി സൗദിഅറേബ്യ. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന യോഗ്യതാ പരീക്ഷയിൽ പാസാകുന്നവർക്ക് മാത്രമേ ജോലി തുടരാൻ സാധിക്കുകയുള്ളൂ. ഓരോരുത്തരും ചെയ്യുന്ന തൊഴിലിനനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ടത്. ഇതിൽ ആദ്യം പരീക്ഷ നടത്തുക ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായിരിക്കും.
പ്രൊഫഷൻ വ്യക്തമായി രേഖപ്പെടുത്താത്ത ലേബർ വിസ പൂർണമായും നിർത്തലാക്കാനാണ് സൗദി തൊഴിൽ മന്ത്രാലയതിന്റെ നീക്കം. ഇഖാമയിലെ ലേബർ അഥവാ ‘ആമിൽ’ പ്രൊഫഷൻ ഇതോടെ ഇല്ലാതാകും. നിലവിൽ ആമിൽ വിസയിൽ ഉള്ളവർക്ക് ഇപ്പോൾ ചെയ്യുന്ന ജോലിക്കാനുസരിച്ച് പ്രൊഫഷൻ മാറാൻ അവസരം നൽകും. അതോടൊപ്പം തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർക്കും പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കും യോഗ്യതാ പരീക്ഷ നടത്താനും തീരുമാനിച്ചതായി മന്ത്രാലയത്തിലെ പരീക്ഷാ വിഭാഗം മേധാവി നായിഫ് അൽ ഉമൈർ അറിയിച്ചു.
അടുത്ത മാസം മുതലായിരിക്കും പരീക്ഷ. ഇന്ത്യ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബങ്ക്‌ളാദേശ്, പാകിസ്ഥാൻ എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യോഗ്യതാ പരീക്ഷ നടത്തുക. സൗദിയിൽ ജോലി ചെയ്യുന്നവരിൽ 95 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവർ ആയതാണ് കാരണം. ആദ്യഘട്ടത്തിൽ ഇന്ത്യക്കാർക്കായിരിക്കും പരീക്ഷ. യോഗ്യതാ പരീക്ഷയിൽ പാസാകുന്നവർക്ക് 5 വർഷത്തേക്കുള്ള സർട്ടിഫിക്കറ്റ് അനുവദിക്കും. പ്ലംപർ, ഇലക്ട്രിഷൻ ജോലിക്കാർക്ക് ഡിസംബറിൽ പരീക്ഷ ആരംഭിക്കും.
റെഫ്രാജിറേഷൻ, എസി ടെക്ക്‌നീഷൻ, കാർ ഇലക്ട്രീഷ്യൻ, മെക്കാനിക്ക് എന്നിവർക്ക് 2020 ഏപ്രിൽ മാസത്തിലും, കാർപ്പെന്റർ, വെൽഡർ, ഇരുമ്പ് പണിക്കാരൻ എന്നിവർക്ക് ജൂലൈ മാസത്തിലും, കൽപ്പണിക്കാരൻ, പെയിന്റർ, ടൈൽ പണിക്കാരൻ എന്നിവർക്ക് ഒക്ടോബറിലും കെട്ടിട നിർമാണ ജോലിക്കാർക്ക് 2021 ജനുവരിയിലും പരീക്ഷ ആരംഭിക്കും. സൗദിയിൽ പരീക്ഷയ്ക്കു ഹാജരാകാൻ 450 മുതൽ 600 വരെ റിയാൽ ആയിരിക്കും ഫീസ്. വിദേശത്താണ് പരീക്ഷയെങ്കിൽ 100 മുതൽ 150 വരെ റിയാൽ ഫീസ് ഈടാക്കും. നിലവിൽ തൊഴിൽ വിപണിയിലുള്ള 2878 തരം പ്രൊഫഷനുകൾ 259 ആയി കുറക്കാനാണ് തീരുമാനം. അവിദഗ്ദ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാനും തൊഴിൽ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here