Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ടേബിൾ ടോപ്പർമാരെ തോൽപിച്ച് കേരളം വിജയക്കുതിപ്പ് തുടരുന്നു

November 14, 2019
Google News 0 minutes Read

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം വിജയക്കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ടേബിൾ ടോപ്പർമാരായ വിദർഭയെ പരാജയപ്പെടുത്തിയാണ് കേരളം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. 26 റൺസിനായിരുന്നു കേരളത്തിൻ്റെ ജയം. തുടർച്ചയായ നാലു മത്സരങ്ങൾ നീണ്ട വിദർഭയുടെ വിജയക്കുതിപ്പിനാണ് കേരളം തടയിട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 162 റൺസെടുത്തപ്പോൾ വിദർഭക്ക് 136 റൺസ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. 69 റൺസെടുത്ത ക്യാപ്റ്റൻ റോബിൻ ഉത്തപ്പ ബാറ്റിംഗിലും മൂന്നു വിക്കറ്റെടുത്ത സന്ദീപ് വാര്യർ ബൗളിംഗിലും കേരളത്തിനായി തിളങ്ങി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി വിഷ്ണു വിനോദും ജലജ് സക്സേനയും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. രണ്ട് സിക്സറുകളുമായി നന്നായി തുടങ്ങിയ വിഷ്ണു വിനോദ് (13) രണ്ടാം ഓവറിൽ പുറത്തായി. പിന്നാലെ 9 റൺസെടുത്ത സഞ്ജു സാംസണും പുറത്തായി. മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബിയും ജലജ് സക്സേനയും ചേർന്ന കൂട്ടുകെട്ട് 31 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. പക്ഷേ, ഇരുവരുടെയും റൺനിരക്കിനെ ബാധിച്ചു. ഒൻപതാം ഓവറിൽ 13 റൺസെടുത്ത സക്സേനയും പുറത്തായി. ഇതിനു ശേഷം റോബിൻ ഉത്തപ്പ ക്രീസിലെത്തി.

ഉത്തപ്പയും സച്ചിൻ ബേബിയും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചത്. ഒൻപതാം ഓവറിലെ രണ്ടാം പന്തിൽ ഒത്തു കൂടിയ ഇരുവരും ചേർന്ന് 60 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. 16ആം ഓവറിലെ മൂന്നാം പന്തിൽ സച്ചിൻ ബേബി (39) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. വാലറ്റത്തിനു കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും ഈ സീസണിൽ ആദ്യമായി ഫോമിലേക്കുയർന്ന ഉത്തപ്പ കേരളത്തെ മികച്ച ടോട്ടലിൽ എത്തിക്കുകയായിരുന്നു. 39 പന്തുകളിൽ രണ്ട് ബൗണ്ടറികളും അഞ്ച് സിക്സറുകളും സഹിതം 69 റൺസെടുത്ത ഉത്തപ്പ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ കൃത്യതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർ വിദർഭയെ പിടിച്ചു കെട്ടുകയായിരുന്നു. ആറു താരങ്ങൾ രണ്ടക്കം കടന്നെങ്കിലും ആർക്കും നിലയുറപ്പിക്കാനായില്ല. രണ്ടാം ഓവറിൽ തന്നെ നായകൻ ഫേസ് ഫസൽ (3) പുറത്തായ വിദർഭ ഒരിക്കൽ പോലും കേരളത്തിനു ഭീഷണിയായില്ല. മൂന്നു വിക്കറ്റെടുത്ത സന്ദീപ് വാര്യറാണ് കേരളത്തിനായി തിളങ്ങിയത്. കെഎം ആസിഫ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 29 റൺസെടുത്ത അക്ഷയ് വാദ്കറാണ് വിദർഭയുടെ ടോപ്പ് സ്കോറർ.

ജയത്തോടെ കേരളം നില മെച്ചപ്പെടുത്തിയെങ്കിലും ഒന്നാം സ്ഥാനത്ത് വിദർഭ തന്നെയാണ്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കേരളം മൂന്നാമതാണ്. അതേ സമയം, വിദർഭ അഞ്ച് മത്സരങ്ങൾ കളിച്ചു. തമിഴ്നാടും കേരളവും ഒരു മത്സരം കുറവാണ് കളിച്ചത്. നാളെ രാജസ്ഥാനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം. 17ആം തിയതി ഉത്തർപ്രദേശിനെതിരെ കേരളം അവസാന ഗ്രൂപ്പ് മത്സരം കളിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here