Advertisement

സൗദി ഒരുങ്ങി; ഇന്ന് അർജന്റീന-ബ്രസീൽ ക്ലാസിക് പോരാട്ടം

November 15, 2019
Google News 1 minute Read

ലോകഫുട്ബോളിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ അർജൻ്റീനയും ബ്രസീലും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നു. സൗദിയിലെ റിയാദ് കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പു കൂടിയാണ്. നാലു മാസത്തെ ഇടവേളക്കു ശേഷം മുഖാമുഖം ഏറ്റുമുട്ടുന്ന അർജൻ്റീനയും ബ്രസീലും ലോക ഫുട്ബോളിൽ തങ്ങളുടെ അപ്രമാദിത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക.

അർജൻ്റീന കളത്തിലിറങ്ങുമ്പോൾ ഒരു മുറിവ് അവർക്കു ബാക്കി നിൽക്കുന്നുണ്ട്. നാലു മാസങ്ങൾക്കു മുൻപ് കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീലിനോടേറ്റ തോൽവിയുടെ കറ കഴുകിക്കളയുക എന്നതാവും അവരുടെ പ്രാഥമിക ലക്ഷ്യം. ലോകകപ്പിലെ ഓർമിക്കാനിഷ്ടമില്ലാത്ത പ്രകടനത്തിനു ശേഷം ലയണൽ സ്കലോണിയുടെ കീഴിൽ അർജൻ്റീന മെല്ലെ ലോക ഫുട്ബോൾ ഭൂപടത്തിലേക്ക് തിരികെ എത്തുകയാണ്. ഉപ്പുപ്പായുടെ ആനക്കഥ മാറ്റി നിർത്തി യുവരക്തങ്ങളെ ടീമിലെത്തിച്ച് സ്കലോണി അർജൻ്റീനയുടെ ജാതകം മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണ്.

കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ചിലിയെ തോല്പിച്ചാണ് അവർ ടൂർണമെൻ്റിൽ നിന്ന് സൈൻ ഓഫ് ചെയ്തത്. പിന്നീട് നടന്ന നാല് സൗഹൃദ മത്സരങ്ങളിൽ ഒന്നു പോലും അവർ പരാജയപ്പെട്ടില്ല. ചിലിക്കെതിരെ ഗോൾ രഹിത സമനിലയും ജർമനിക്കെതിരെ രണ്ട് ഗോൾ സമനിലയും വഴങ്ങിയ അർജൻ്റീന മെക്സിക്കോയെ 4-0നും ഇക്വഡോറിനെ 6-1നുമാണ് അവർ തകർത്തത്.

ബ്രസീലും ലോകകപ്പിലെ മോശം പ്രകടനങ്ങളിൽ നിന്ന് പുറത്തുകടന്നു കഴിഞ്ഞു. ഇതിഹാസ പരിശീലകൻ ടിറ്റെയുടെ കീഴിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച കാനറികൾ ലോകകപ്പ് ഫൈനൽസിൻ്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും കോപ്പ ചാമ്പ്യന്മാരായി കണക്കു തീർത്തു. കോപ്പയ്ക്ക് ശേഷം അർജൻ്റീനയുടെ നേരെ എതിർ ദിശയിലാണ് ബ്രസീലിൻ്റെ സഞ്ചാരം. അർജൻ്റീന ഒരു മത്സരം പോലും തോൽക്കാതിരുന്നപ്പോൾ ബ്രസീൽ ഒരു മത്സരം പോലും വിജയിച്ചില്ല. കൊളംബിയ, നൈജീരിയ, സെനഗൽ എന്നീ ടീമുകൾക്കെതിരെ സമനില വഴങ്ങിയ കോപ്പ ചാമ്പ്യന്മാർ പെറുവിനോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടു.

ഇന്നത്തെ മത്സരത്തിൽ അർജൻ്റീനയെക്കാൾ ബ്രസീലിനാണ് ജയം ആവശ്യമുള്ളത്. ലയണൽ മെസ്സി അർജൻ്റീനക്കായി ഇറങ്ങുമെങ്കിലും നെയ്മർ ബ്രസീൽ കുപ്പായത്തിലില്ല. പരുക്കാണ്, സ്വാഭാവികം. അതുകൊണ്ടൊന്നും കളിയുടെ കളർ കുറയില്ല. ഒരുകാലത്ത് ലോക ഫുട്ബോളിനെ ചൂണ്ടുവിരലിൽ നിയന്ത്രിച്ചിരുന്ന സിംഹങ്ങളാണ് സൗദിയിൽ കൊമ്പു കോർക്കുന്നത്. ഇനി കളി ഗോദയിൽ!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here