കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നികുതിയടക്കുന്ന ജനങ്ങൾക്ക് കോർപറേഷൻ എന്താണ് നൽകുന്നതെന്നും കോടതി ആരാഞ്ഞു. പകൽ സമയങ്ങളിൽ കൊച്ചി നഗരത്തിലെ റോഡുകളിൽ അറ്റകുറ്റപണികൾ നടത്തുന്നത് സംബന്ധിച്ച് പൊലീസും കോർപറേഷനും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു.
കൊച്ചിയിലെ റോഡുകളിൽ ദിവസവും വാഹനപകടങ്ങൾ വർധിച്ച് വരുന്ന സാഹര്യത്തിലാണ് റോഡുകൾ ഉടൻ നന്നാക്കണമെന്ന് കോടതി നിർദേശിച്ചത്. കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതലെന്നും കോടതി ചൂണ്ടികാട്ടി. എന്നാൽ, മഴ കാരണമാണ് റോഡുകൾ നന്നാക്കാനാവാത്തതെന്നും പകൽ സമയത്ത് പണികൾ നടത്താൻ കഴിയാത്ത സാഹചര്യമാണമെന്നുമായിരുന്നു കോർപറേഷന്റെ വിശദീകരണം.
പണി ചെയ്യുന്നതിന് കരാർ കൊടുത്തിണ്ടുണ്ടെന്നും റോഡിൽ ഈർപ്പം ഉള്ളതുകൊണ്ട് പണി ചെയ്യാനാവില്ലെന്ന് കരാറുകാർ അറിയിച്ചെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു. പലപ്പോഴും വാട്ടർ അതോറിറ്റിക്ക് റോഡ് പൊളിക്കുന്നതിന് അനുമതി കൊടുക്കുന്നത് യാതൊരു മുന്നൊരുക്കവും കൂടാതെയാണെന്ന് കോടതി കുറ്റപ്പെടുത്തി. പണികൾ സമയബന്ധിതമായി തീർക്കാൻ എന്തു കൊണ്ട് വ്യവസ്ഥ വെയ്ക്കുന്നില്ലെന്നും കോടതി ചോദിച്ചു. ഓരോ വർഷവും മഴ വരുമ്പോൾ റോഡുകൾ വീണ്ടും വീണ്ടും നന്നാക്കുന്നത് ലോകത്ത് ഒരിടത്തും ഇല്ലാത്ത സംഭവമാണെന്നും കോടതി ചൂണ്ടികാട്ടി. അപകടങ്ങൾ ഗുരുതരമായി ലോകം പരിഗണിക്കുമ്പോൾ നമ്മൾ വളരെ ചെറുതായി കാണുകയാണെന്നുമായിരുന്നു കോടതിയുടെ വിമർശനം.
അപകടങ്ങൾ ഒഴിവാക്കാൻ റോഡുകൾ പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. അതേസമയം, പകൽ സമയങ്ങളിൽ റോഡുകളിൽ പണികൾ നടത്തുന്നത് സംബന്ധിച്ച് കോർപറേഷനും പൊലീസും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. പ്രശ്‌ന പരിഹാരത്തിനായി കൊച്ചി കമ്മീഷണറേറ്റിൽ ചേർന്ന യോഗത്തിൽ കോർപറേഷൻ അധികാരികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിയാലോചന ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പകൽ സമയത്ത് റോഡ്പണിക്ക് വേണ്ട ഗതാഗത നിയന്ത്രണ സഹായങ്ങൾ പൊലീസ് ചെയ്ത് നൽകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here