Advertisement

മല ചവിട്ടാൻ 10 യുവതികളെത്തി; പ്രായം പരിശോധിച്ച് തിരിച്ചയച്ചു

November 16, 2019
Google News 0 minutes Read

ശബരിമല ദർശനത്തിനായി എത്തിയ 10 യുവതികളെ പമ്പയിൽ വെച്ച് തിരിച്ചയച്ചു. വിജയ വാഡയിൽ നിന്നെത്തിയ സംഘത്തെയാണ് പൊലീസ് തിരികെ അയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ് ഇവരെ തിരികെ അയച്ചത്.

രാവിലെ 11 മണിയോടെയാണ് തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടാൻ തുടങ്ങിയത്. ഇതിനിടെയാണ് യുവതികളെ തിരിച്ചയച്ചത്. ആധാർ അടക്കമുള്ള രേഖകൾ പരിശോധിച്ച് ഇവർ 50 വയസ്സിനു മുകളിൽ ഉള്ളവരല്ലെന്ന് മനസ്സിലായതോടെ തിരിച്ചയക്കുകയായിരുന്നു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെപ്പറ്റിയും പ്രായ പരിധിയെക്കുറിച്ചും പൊലീസ് ഇവരെ അറിയിക്കുകയും ഇവർ സ്വമേധയാ തിരികെ പോവുകയുമായിരുന്നു. സംഘർഷങ്ങളും മറ്റും ഇവിടെ ഉണ്ടായില്ല.

ഇവർ കോടതി ഉത്തരവ് അറിയാതെ വന്നവരാണെന്നാണ് വിവരം. അമ്പതിനോടടുത്ത് പ്രായമുള്ള സ്ത്രീകളാണെങ്കിലും ഇവർക്ക് ശബരിമലയിലെ പ്രായപരിധിയെപ്പറ്റി കാര്യമായ വിവരം ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തങ്ങൾ ഇക്കാര്യങ്ങൾ അവരോട് സംസാരിച്ചുവെന്നും ഇപ്പോൾ മല കയറുന്നത് ഗുണകരമാവില്ലെന്നും പറഞ്ഞ് മനസ്സിലാക്കിയെന്നും പൊലീസ് പറയുന്നു. തുടർന്ന് ഇവർ മടങ്ങിപ്പോവുകയായിരുന്നു.

വിധിക്ക് വ്യക്തത വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ നിലപാട്. തത്ക്കാലം യുവതീ പ്രവേശനമില്ലെന്ന സർക്കാർ നിലപാട് മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചിരുന്നു. കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here