ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം; സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദേശം

മദ്രാസ് ഐഐടി യിലെ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദേശം. ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫിൽ നിന്ന് അന്വേഷണ സംഘം വിശദ മൊഴിയെടുത്തു. മകളുടെ മരണത്തിൽ വേണ്ടത്ര തെളിവു കൈമാറാമെന്ന് അബ്ദുൾ ലത്തീഫ് അന്വേഷണ സംഘത്തോട് പറഞ്ഞു.
കേസന്വേഷിക്കുന്ന ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അഡീഷണൽ കമ്മിഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലെത്തി ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫിൽ നിന്നും വിശദ മൊഴിയെടുത്തു. മകളുടെ മരണം സംബസിച്ച തെളിവുകൾ കൈമാറിയതായി അബ്ദുൽ ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ പിതാവ് പിന്നീട് ചെന്നൈ പൊലീസ് കമ്മിഷണറേയും കണ്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോകനാഥ് ബെഹ്‌റയും കമ്മിഷണറെ വിളിച്ചിരുന്നതായി ഫാത്തിമയുടെ പിതാവ് പറഞ്ഞു. കേസിൽ നിർണായകമെന്ന് കരുതുന്ന ഫാത്തിമയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വകുപ്പിലെ അധ്യാപകനായ സുദർശൻ പത്മനാഭന്റെ മാനസിക പീഡനം താങ്ങാൻ കഴിയാതെയാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിനെ നവംബർ 9നാണ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് മരണ കാരണം എന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഫാത്തിമ മരിക്കുന്നതിനു മുൻപ് എഴുതിയ ആത്മഹത്യാ കുറിപ്പ് എഫ്‌ഐആറിൽ ചേർത്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here