ശബരിമല ക്ഷേത്രനട തുറന്നു

മണ്ഡല മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ചേർന്നാണ് നട തുറന്നത്. പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങും സന്നിധാനത്ത് നടന്നു.
ക്ഷേത്ര ശ്രീകോവിൽ വലംവച്ചെത്തി തിരുനട മുന്നിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതോടെ പുതിയൊരു തീർത്ഥാടന കാലത്തിന് തുടക്കമായി.
താപസരൂപത്തിലുള്ള ശബരിഗിരീശന്റെ ദർശനം ഇന്ന് മാത്രമാണ് ഭക്തർക്ക് ലഭിക്കുക. തലയിൽ ഉത്തരീയക്കെട്ടും കൈയിൽ ജപമാലയും കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ് ചിന്മുദ്രാങ്കിത യോഗസമാധിയിൽ യോഗദണ്ഡുമായി ഭസ്മത്താൽ മൂടി തപസ്സനുഷ്ഠിക്കുന്ന രൂപത്തിലാണ് അയ്യപ്പൻ. നട തുറന്നതിന് പിന്നാലെ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്‌നി പകർന്നു. തുടർന്ന് സന്നിധാനത്തെ പുതിയ മേൽശാന്തിയുടെ സ്ഥാനാരോഹണം.
ബന്ധു മരിച്ചതിനാൽ മാളികപ്പുറം മേൽശാന്തിയുടെ സ്ഥാനാരോഹണം ഇന്ന് നടന്നില്ല. അതേസമയം വലിയ ഭക്തജനത്തിരക്കാണ് ഇന്ന് സന്നിധാനത്ത് അനുഭവപ്പെട്ടത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് അധികവും. രാത്രി 10 മണി വരെ ദർശനത്തിന് ശേഷം ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. നാളെ മുതൽ മണ്ഡലകാല പൂജകളോടെ ക്ഷേത്ര ചടങ്ങുകൾ 41 ദിവസവും ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here