ചരിത്രവിധികൾക്കൊടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു

വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചരിത്രവിധികൾക്കുമൊടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ റിട്ടയർമെന്റിന് ശേഷവും ഇസഡ് പ്ലസ്‌ കാറ്റഗറി സുരക്ഷ തുടരും.

സുപ്രിംകോടതിയിൽ ജനാധിപത്യം അപകടത്തിലാണെന്ന്, ചരിത്രത്തിൽ ഇടംപിടിച്ച വാർത്താ സമ്മേളനം നടത്തി വിളിച്ചുപറഞ്ഞ നാല് മുതിർന്ന ജഡ്ജിമാരിൽ പ്രധാനി. രഞ്ജൻ ഗൊഗൊയ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റപ്പോൾ ആകാശത്തോളം പ്രതീക്ഷയായിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് ഉണ്ടായ വിവാദങ്ങളും അസാധാരണ നടപടികളും പലപ്പോഴും ചീഫ് ജസ്റ്റിസ് കസേരയുടെ വിശ്വാസ്യതയെ തന്നെ സംശയത്തിൽ നിർത്തി. ലൈംഗിക ആരോപണം നേരിട്ട ആദ്യ ചീഫ് ജസ്റ്റിസ്. സുപ്രിംകോടതിയിലെ മുൻ ജീവനക്കാരിയുടെ ആരോപണങ്ങൾ ജുഡിഷ്യറിയെ തകർക്കാനാണെന്ന് അസാധാരണ സിറ്റിങ് നടത്തി വിളിച്ചുപറഞ്ഞു.

വാർത്താസമ്മേളനത്തിന്റെ സ്വഭാവമുണ്ടായിരുന്ന സിറ്റിങ് വിവാദമായി. ആഭ്യന്തര അന്വേഷണം രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കി. ആരോപണത്തിന് പിന്നിലെ ശക്തികളെ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷനെ പ്രത്യേക ബെഞ്ച് നിയോഗിച്ചു. എന്നാൽ, ഇതുവരെ തുടർനടപടിയായില്ല. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ വാശി പിടിക്കുന്ന രഞ്ജൻ ഗൊഗൊയ്, കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെയുള്ള ഹർജികൾ സാവകാശം പരിഗണിക്കുന്നത് വിമർശനത്തിനിടയാക്കി. അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ, സിബിഐ തലപ്പത്തെ തർക്കം തുടങ്ങിയ ഗൗരമായ കേസുകളിൽ രഞ്ജൻ ഗൊഗോയിയുടെ നിലപാടുകൾ വലിയ ചർച്ചയായി.

ചീഫ് ജസ്റ്റിസ് ആകുന്നതിന് മുൻപ് പല കേസുകളിലും കേന്ദ്രത്തിനെതിരെ കർശന നിലപാട് എടുത്തിരുന്ന ഗൊഗൊയ്, ചീഫ് ജസ്റ്റിസ് ആയതോടെ പത്തി താഴ്ത്തിയെന്ന് ആരോപണമുയർന്നു. കേന്ദ്രം എതിർകക്ഷിയായിട്ടുള്ള കേസുകളിൽ മുദ്രവച്ച കവറിൽ രേഖകൾ സ്വീകരിക്കുന്നത് പതിവാക്കി. സുപ്രിംകോടതി കൊളീജിയത്തിന്റെ പല ജുഡീഷ്യൽ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും വിവാദമായി. അയോധ്യാ കേസിൽ മാരത്തൺ വാദം നടത്തി 134 വർഷത്തെ നിയമയുദ്ധത്തിൽ അന്തിമതീർപ്പ് കൽപ്പിച്ചു. ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു. ഒടുവിൽ ശബരിമല കേസിലും ഉത്തരവ് പറഞ്ഞതിന് ശേഷമാണ് രഞ്ജൻ ഗൊഗൊയ് പദവി ഒഴിയുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top