Advertisement

52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ്; ഇലക്ട്രല്‍ ബോണ്ട്, ബുള്‍ഡോസര്‍ രാജ് വിധികളിലൂടെ ശ്രദ്ധേയനായ ന്യായാധിപന്‍

6 hours ago
Google News 3 minutes Read
Justice BR Gavai: India’s 52nd CJI

സുപ്രിംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദൗപതി മുര്‍മു സത്യ വാചകം ചൊല്ലികൊടുത്തു.ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്.കേരള മുന്‍ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായ്‌യുടെ മകനാണ് ബി.ആര്‍ ഗവായ്. (Justice BR Gavai: India’s 52nd CJI)

ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ഭൂഷണന്‍ രാമകൃഷ്ണ ഗവായ് എന്ന ബി ആര്‍ ഗവായ്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുശേഷം ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തി. 2010-ല്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ വിരമിച്ചതിനുശേഷം ആദ്യമായി സുപ്രീം കോടതി ജഡ്ജിയാകുന്ന വ്യക്തിയുമാണ് ഗവായ്. 1960 നവംബര്‍ 24-ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ബി ആര്‍ ഗവായിയുടെ ജനനം. കേരളത്തിലും ബീഹാറിലും സിക്കിമിലും ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായ് യുടെ മകന്‍ കൂടിയാണ് ബി ആര്‍ ഗവായ്. 1985ല്‍ ഇരുപത്തഞ്ചാം വയസ്സില്‍ ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായ ഗവായ് പിന്നീട് നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2000 ല്‍ നാഗ്പൂര്‍ ബെഞ്ചിലെ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2003 ല്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി. 2005ല്‍ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജി. 16 വര്‍ഷക്കാലത്തോളം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ആര്‍ ഗവായ് 2019-ലാണ് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്.ഭരണഘടനാ നിയമം, ഭരണ നിയമം എന്നിവയില്‍ ഗവായ് പ്രാവീണ്യം നേടിയിട്ടുണ്ട്.

Read Also: ഡോണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനം: അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ

ഇരുനൂറോളം വിധിന്യായങ്ങള്‍ ജസ്റ്റിസ് ബി ആര്‍ ഗവായിയുടേതായിട്ടുണ്ട്. ബുള്‍ഡോസര്‍ രാജിനെതിരായ വിധി, എ എ പി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യം, 2016-ലെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി എന്നിവ ജസ്റ്റിസ് ഗവായിയെ ശ്രദ്ധേയനാക്കി. ബുള്‍ഡോസര്‍ രാജ് ഭരണഘടനാ വിരുദ്ധമാണെന്നും ജഡ്ജിമാരെപ്പോലെ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും ഗവായ് വിധിയിലെഴുതി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗവുമായിരുന്നു ഗവായ്. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരും പങ്കെടുത്തു.ആറു മാസക്കാലത്തിനുശേഷം ഈ വരുന്ന നവംബറില്‍ ബി ആര്‍ ഗവായ് വിരമിക്കും.

Story Highlights : Justice BR Gavai: India’s 52nd CJI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here