ശിശുദിനത്തിൽ നെഹ്റു വേണ്ട; റാലിയിൽ മോദിയുടെ ചിത്രം മതിയെന്ന് ആലപ്പുഴ ബിജെപി കൗൺസിലറുടെ ആഹ്വാനം

ശിശുദിനത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രത്തിനു പകരം നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച ബാനർ ഉപയോഗിച്ച് റാലി നടത്താൻ ആലപ്പുഴ ബിജെപി നഗരസഭാ കൗൺസിലറുടെ നിർദ്ദേശം. ബിജെപി കായംകുളം നഗരസഭയിലെ 34 വാര്‍ഡ് കൗൺസിലറായ ഡി അശ്വനിദേവാണ് നെഹ്റുവിൻ്റെ ചിത്രം ഒഴിവാക്കി മോദിയുടെ ചിത്രം പതിപ്പിച്ച ബാനർ ഉപയോഗിച്ച് റാലി നടത്താൻ അധ്യാപികമാരോട് ആഹ്വാനം ചെയ്തത്. ശിശുദിനത്തിൽ ഉപയോഗിക്കേണ്ടത് നെഹ്റുവിൻ്റെ ചിത്രമല്ലേ എന്ന ചോദ്യത്തിന് അങ്ങനെയാണെങ്കിൽ റാലി ഒഴിവാക്കാമെന്നായിരുന്നു അശ്വനിദേവിൻ്റെ പ്രതികരണം.
ശിശുദിന റാലിക്കായുള്ള ബാനർ ഇയാൾ തന്നെയാണ് രൂപകല്പന ചെയ്തത്. ബാനറിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കി മോദിയുടെ വലിയ ചിത്രം ഇയാൾ ആലേഖനം ചെയ്തു. എന്നാൽ റാലി ആരംഭിക്കുന്നതിനു മുൻപ് അധ്യാപകരും രക്ഷിതാക്കളും ഇതിനെതിരെ രംഗത്തെത്തി. എന്നാൽ മോദിയുടെ ചിത്രം ഒഴിവാക്കില്ല എന്ന് ഇയാൾ ശഠിച്ചു. ഒടുവിൽ നെഹ്റുവിൻ്റെ ചിത്രം ബാനറിൽ പിൻ ചെയ്തു വെച്ചാണ് റാലി നടത്തിയത്.
അതേ സമയം, ശിശുദിനം ഒരു ദേശീയ പരിപാടിയായതു കൊണ്ടാണ് മോദിയുടെ ചിത്രം ഉപയോഗിച്ചതെന്ന് അശ്വിനിദേവ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here