ബ്ലാസ്റ്റേഴ്സ് വിട്ട ജിതിൻ എംഎസ് ഗോകുലം കേരള എഫ്സിയിൽ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി താരം ജിതിൻ എംഎസ് ഗോകുലം കേരള എഫ്സിയിൽ. കേരളത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ ജിതിൻ അവസരമില്ലാത്തതിനെത്തുടർന്നാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. ഈ സീസണിൽ മെയിൻ ടീമിലേക്ക് വിളി വന്നിട്ടും ഫൈനൽ സ്ക്വാഡിൽ ഉൾപ്പെടാൻ കഴിയാതെ വന്ന ജിതിൻ ഒരു കളി പോലും കളിച്ചിരുന്നില്ല. ഇതേതുടർന്നാണ് താരം ഗോകുലത്തിലേക്ക് കൂടുമാറിയത്.
നേരത്തെ, ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ ടൂർണമെൻ്റിൽ ജിതിനെ ഉൾപ്പെടുത്താത്തത് ആരാധകർക്കിടയിൽ വലിയ അമർഷത്തിനു കാരണമായിരുന്നു. ക്ലബ് താരത്തെ മനപൂർവം തടയുകയായിരുന്നുവെന്നായിരുന്നു ആളുകളുടെ പ്രതികരണം.
2017 മുതൽ ബ്ലാസ്റ്റേഴ്സ് ബി ടീമിലുണ്ടായിരുന്ന ജിതിൻ, ഐ ലീഗ് ഡിവിഷൻ രണ്ടിൻ്റെ കഴിഞ്ഞ സീസണിൽ ഓസോൺ എഫ്സിക്കു വേണ്ടി ലോൺ അടിസ്ഥാനത്തിൽ ബൂട്ടു കെട്ടിയിരുന്നു. ഓസോൺ എഫ്സിക്ക് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 9 ഗോൾ നേടി ഗംഭീര പ്രകടനം കാഴ്ച വെച്ചതോടെയാണ് ജിതിൻ മെയിൻ ടീമിലെത്തിയത്. എന്നാൽ പ്രീസീസണിൽ ടീമിൽ ഉൾപ്പെടാതിരുന്നതും ഫൈനൽ സ്ക്വാഡിൽ നിന്ന് തഴയപ്പെട്ടതും ക്ലബ് വിടാൻ ജിതിനെ പ്രേരിപ്പിച്ചു. തുടർന്നാണ് അദ്ദേഹം കേരളത്തിൻ്റെ ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ എത്തിയത്.
തൃശൂർ കേരളവർമ്മ കോളജ് വിദ്യാർത്ഥിയായിരുന്ന ജിതിൻ കേരള പ്രീമിയർ ലീഗിൽ എഫ്സി കേരളയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തുന്നത്. തുടർന്ന് കേരളത്തിൻ്റെ സന്തോഷ് ട്രോഫി ടീമിലെത്തി. കേരളം ചാമ്പ്യന്മാരായപ്പോൾ ഫൈനലിൽ നേടിയ ഒരു ഗോളടക്കം ആകെ അഞ്ചു ഗോളുകളാണ് ജിതിൻ സന്തോഷ് ട്രോഫിയിൽ നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here