ജെഎൻയു സമരം; പൊതുമുതൽ നശിപ്പിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

പൊതുമുതൽ നശിപ്പിച്ചതിന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ജെഎൻയു അധികൃതരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാൻസലറുടെ ഓഫീസും അലങ്കോലമാക്കി എന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകും. സമരം തകർക്കാനുള്ള അധികൃതരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പരാതി എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യത്തിൻ മേൽ ജെഎൻയുവിലെ വിദ്യാർത്ഥികൾ കഴിഞ്ഞ 22 ദിവസമായി സമരം നടത്തുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച വിദ്യാർത്ഥികൾ സമീപത്തുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് സമീപം ഛായം വരച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഇവർ പ്രതിമയ്ക്ക് നേരെ യാതൊരു തരത്തിലുള്ള അക്രമണങ്ങളും അഴിച്ചു വിട്ടിരുന്നില്ല. ജെഎൻയു അധികൃതർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പ്രതിമ അലങ്കോലപ്പെടുത്തി എന്നാണ് പറയുന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിലവിൽ കേസ് എടുത്തിട്ടുള്ള ഏഴ്‌പേർക്ക് പുറമേ 30ഓളം പേർക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here