‘ആധാർ പൗരത്വരേഖയായി കണക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷൻ വാദം ശരിവച്ച് സുപ്രീം കോടതി

ആധാർ പൗരത്വരേഖയായി കണക്കാക്കാനില്ലെന്ന തിരിഞ്ഞെടുപ്പ് കമ്മീഷൻ വാദം ശരിവച്ച് സുപ്രീം കോടതി. ബിഹാർ വോട്ടർപട്ടിക പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി പരാമർശം.
ബിഹാറിലെ വോട്ടർ പരിഷ്ക്കരണത്തെ ശക്തമായി എതിർത്തുകൊണ്ടുള്ള വാദങ്ങളാണ് ഇന്ന് സുപ്രീം കോടതിയിൽ ഹർജിക്കാർ ഉന്നയിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വോട്ടർ പരിഷ്ക്കരണമാണ് നിലവിൽ ബിഹാറിൽ നടത്തുന്നതെന്നും വാദം ഉയർന്നു. മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ അടക്കമുള്ളവർ ഇതിനെ എതിർത്തു.
മരിച്ചവരെ ജീവിച്ചിരിക്കുന്നവരായും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടതെന്നടക്കമുള്ള ആക്ഷേപങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഹർജിക്കാർ ഉന്നയിച്ചു.
അതേസമയം, ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നതിനിടയിൽ സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ ഉണ്ടായി.വോട്ടർ പട്ടികയിൽ മരിച്ചെന്ന് രേഖപ്പെടുത്തിയ സ്ത്രീയെ കോടതിമുറിയിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് ഹാജരാക്കി.വിഷയത്തിൽ മികച്ച വിശകലനം നടത്തിയതിന് യോഗേന്ദ്ര യാദവിനെ സുപ്രീം കോടതി നന്ദിയറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടന വിരുദ്ധം എന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. നടക്കുന്നത് ശുദ്ധീകരണ പ്രക്രിയ എന്നും പോരായ്മകൾ പരിഹരിക്കും എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചില പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.ആധാർ പൗരത്വരേഖയായി കണക്കാക്കാനാകില്ലെന്ന തിരിഞ്ഞെടുപ്പ് കമ്മീഷൻ വാദം ശരിയെന്ന് സുപ്രിംകോടതി വാക്കാൽ പരാമർശിച്ചു.
Story Highlights : Aadhaar cannot be considered as a citizenship document; Supreme Court upholds Election Commission’s argument
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here