ശബരിമല സർവീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി

ശബരിമല സർവീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്ആർടിസി എംഡി എംപി ദിനേശ്. ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിരീക്ഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും, കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ശബരിമല സർവീസുകളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതു മൂലം ഉണ്ടായ പ്രതിസന്ധികൾ മറികടക്കും മുമ്പേയാണ് മണ്ഡലകാല സർവീസുകൾ ആരംഭിച്ചത്. ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാകുമെന്ന പരാതികൾ കോർപറേഷൻ കണക്കിലെടുക്കുമെന്നാണ് എംഡി വ്യക്തമാക്കിയത്. സ്‌പെഷ്യൽ സർവീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപി ദിനേശ് ഐപിഎസ് അറിയിച്ചു.
നിലയ്ക്കൽ പമ്പ സർവീസുകൾക്കായി അറ്റകുറ്റപ്പണി നടത്തിയ 120 ബസുകളാണ് നൽകിയത്. തീർത്ഥാടന കാലയളവിൽ വിവിധ ഡിപ്പോകളിൽ നിന്ന് 500 ബസുകളാണ് ശബരിമല സർവീസ് നടത്തുക. രണ്ട് വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾ മാത്രമാകും ഉപയോഗിക്കുക. തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ 2 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കുമെന്നും എംപി ദിനേശ് പറഞ്ഞു. കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ തീർത്ഥാടന സർവീസുകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here