Advertisement

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്

November 17, 2019
Google News 0 minutes Read

ഉച്ചഭക്ഷണ പദ്ധതിക്കായി ഹെഡ്മാസ്റ്റര്‍മാര്‍ മുടക്കിയ പണം മൂന്നു മാസമായി കുടിശികയായതോടെയാണ് ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സ്‌കൂള്‍ തുറന്ന് ആറു മാസമായെങ്കിലും മൂന്നു മാസത്തെ തുക മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതുമാണ് കാരണം.

സംസ്ഥാനത്തെ എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലേയും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ് പണമില്ലാത്തതു കാരണം പ്രതിസന്ധിയിലാകുന്നത്. മുമ്പ് ഉച്ചകഞ്ഞിയായിരുന്നുവെങ്കില്‍ പിന്നീടത് ഉച്ചഭക്ഷണമാക്കി മാറ്റുകയായിരുന്നു. ചോറും കറികളും നല്‍കുന്നതിനു പുറമെ ആഴ്ചയില്‍ രണ്ടു തവണ പാലും മുട്ടയും നല്‍കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ ഹെഡ്‍മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഉച്ചഭക്ഷണ സമിതിക്ക് മൂന്നു മാസത്തേക്കുമുള്ള തുക മുന്‍കൂര്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഈ വര്‍ഷം മുതല്‍ ഓരോ മാസവും ഉച്ചഭക്ഷണം നല്‍കിയ ശേഷം ഇതിനു ചെലവായ തുക ബില്‍ അനുസരിച്ച് തിരികെ നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

ഹെഡ്മാസ്റ്ററോ ഉച്ചഭക്ഷണ സമിതിയോ ഇതിനുള്ള തുക മുന്‍കൂറായി കണ്ടെത്തണം. ഇതനുസരിച്ച് ജൂണ്‍ മുതല്‍ നവംബര്‍ 15 വരെ അഞ്ചര മാസം ഉച്ചഭക്ഷണം നല്‍കാനായി ഹെഡ്മാസ്റ്റര്‍മാരും സമിതികളും ചെലവാക്കിയ തുകയില്‍ രണ്ടു മാസത്തെ തുക മാത്രമാണ് സര്‍ക്കാരില്‍ നിന്നും തിരികെ ലഭിച്ചത്. ബാക്കി മൂന്നു മാസത്തെ തുക കുടിശികയായി. 300 കുട്ടികളുള്ള ഒരു സ്‌കൂളില്‍ ഒരു മാസത്തെ ഉച്ചഭക്ഷണം നല്‍കുന്നതിനായി ശരാശരി 45,000 രൂപ ചെലവാകുമെന്നാണ് കണക്ക്.

750 കുട്ടികളുണ്ടെങ്കില്‍ ഇതു ഒരു ലക്ഷമായി ഉയരും. കുടിശികയായതോടെ പല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും സമിതികള്‍ക്കും ലക്ഷങ്ങളാണ് ലഭിക്കാനുള്ളത്. തുക ലഭിക്കാത്തതു കാരണം അടുത്ത മാസം ഉച്ചഭക്ഷണത്തിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here