ബാഗ്ദാദിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരുക്കേറ്റു. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ മധ്യ ബാഗ്ദാദിൽ ഒരു വാഹനത്തിലൊളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. അതേസമയം മധ്യ ബാഗ്ദാദിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഒക്ടോബർ ആദ്യം ആരംഭിച്ച പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്‌ഫോടനം ബാഗ്ദാദിലുണ്ടാകുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ തയാരൺ സ്‌ക്വയറിനും തഹ് രിർ സ്‌ക്വയറിനും സമീപത്താണ് സ്‌ഫോടനമുണ്ടായത്. എന്നാൽ ഇത് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് നടന്നതാണോ എന്നതിന് വ്യക്തതയില്ല. അതേസമയം മധ്യ ബാഗ്ദാദിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരുക്കേറ്റു.
ഇതിനിടെ, തലമുതിർന്ന ഷിയാ നേതാവ് അയാത്തൊള്ള അലി അൽ സിസ്താനി പ്രക്ഷോഭകരെ പിന്തുണച്ച് വീണ്ടും രംഗത്തെത്തി. പ്രതിഷേധക്കാരുടെ ഒരു ആവശ്യവും ഇതുവരെയും പരിഗണിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്‌കരണമാണ് ആദ്യം നടത്തേണ്ടതെന്നും സിസ്താനി പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട സിസ്താനി ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം ഇതിലൂടെ പുന:സ്ഥാപിക്കാനാകുമെന്ന് പറഞ്ഞു. അധികാരത്തിൽ പുതിയ മുഖങ്ങളെ കൊണ്ടുവരാൻ ഇത് ജനങ്ങളെ സഹായിക്കുമെന്നും സിസ്താനി കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം, തൊഴിലില്ലായ്മ പരിഹരിക്കണം, അഴിമതി ഭരണം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ ഒന്നുമുതലാണ് ഇറാഖിൽ സർക്കാരിനെതിരെ ജനം തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സുരക്ഷാസേനയുടെ ശ്രമത്തിൽ മുന്നൂറോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ലോകബാങ്കിന്റെ കണക്കുപ്രകാരം ഇറാഖിൽ അഞ്ചിലൊരാൾ പട്ടിണിയിലാണ്. 25 ശതമാനമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. ട്രാൻസ്‌പെറൻസി ഇന്റർനാഷണലിന്റെ കണക്കുപ്രകാരം അഴിമതി കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here