കേരള സർവകലാശാലയിലെ മോഡറേഷൻ തിരിമറി; വിജയിച്ചവരുടെ മാർക്ക് ലിസ്റ്റ് റദ്ദാക്കും

കേരള സർവകലാശാലയിൽ മോഡറേഷൻ തിരിമറിയിലൂടെ വിജയിച്ചവരുടെ മാർക്ക് ലിസ്റ്റ് റദ്ദാക്കും. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ടാബുലേഷൻ സോഫ്റ്റ്‌വെയറിൽ പരിശോധന ആരംഭിച്ചു. ഒരു പരീക്ഷയുടെ മോഡറേഷൻ മാർക്ക് ഒന്നിലധികം തവണ തിരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
മോഡറേഷൻ ക്രമക്കേടിൽ വിശദമായ അന്വേഷണത്തിലേക്കും, കർശന നടപടിയിലേക്കും കടക്കുകയാണ് കേരള സർവകലാശാല. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. കൃത്രിമം നടന്നു എന്ന് ബോധ്യപ്പെട്ട മാർക്ക് ലിസ്റ്റുകൾ റദ്ദാക്കാനാണ് വൈസ് ചാൻസലറുടെ നിർദേശം. ക്രമക്കേട് തെളിഞ്ഞാൽ ഇവരുടെ ബിരുദവും റദ്ദാക്കിയേക്കും. പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊപ്പം പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. സോഫ്റ്റ്വെയറിൽ അപാകതയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ നാളെ വിശദമായ പരിശോധന നടക്കും. 2016 മുതൽ 2019 വരെ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റത്തിൽ നടന്ന ബിബിഎ, ബിസിഎ ബിരുദ പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. 16 പരീക്ഷകളിൽ 12 ലും കൃത്രിമം നടന്നെന്ന് തെളിഞ്ഞുവെന്ന് മുൻ സിൻഡിക്കേറ്റംഗം ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാരുടെ യൂസർ ഐഡിയാണ് തിരിമറിക്ക് പ്രയോഗിച്ചത്. ഇതിൽ ഒരു ഉദ്യോഗസ്ഥ സ്ഥലം മാറിപോയതിന് ശേഷവും അവരുടെ യൂസർ ഐഡി മോഡറേഷൻ തിരുത്താൻ ഉപയോഗിച്ചെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ചു വരികയാണ്. സർവകലാശാലയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ദയരഹിതമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. അതേസമയം സർവകലാശാല ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നാളെ തീരുമാനമുണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here