ലാപ്‌ടോപ്പിലും ടാബിലും നിർണായക തെളിവുകൾ; കുറ്റക്കാരുടെ അറസ്റ്റ് വൈകിയാൽ ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് ഫാത്തിമയുടെ പിതാവ്

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ്. ഫാത്തിമയുടെ ലാപ്‌ടോപ്പിലും ടാബിലും ചില നിർണായക തെളിവുകളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം ഇവ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലായിരുന്ന അബ്ദുൽ ലത്തീഫ് ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. അന്വേഷണ സംഘം ഒരാഴ്ച സമയം പറഞ്ഞിട്ടുണ്ടെന്നും കുറ്റവാളികളെ കണ്ടെത്തുമെന്ന് ഉറപ്പ് നൽകിയെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ നടന്നതെല്ലാം ദുരൂഹമാണ്. കൈയിലുണ്ടായിരുന്ന രേഖകളിൽ ചിലത് അന്വേഷണ ഉദ്യോഗസ്ഥന് നൽകി. നിർണായക തെളിവുകളുള്ള ലാപ്‌ടോപ്പും ടാബും നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം അന്വേഷണ സംഘത്തിന് നൽകുമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ നാളെ അബ്ദുൾ ലത്തീഫ് നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും. അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണം രാജ്യത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here