തലസ്ഥാനം ഗതാഗതക്കുരുക്കിൽ; പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ രൂക്ഷ വിമർശനം

തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിൽ പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഡിജിപി. മൂന്ന് എസിപിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ഡിജിപി ശകാരിച്ചത്. കാരണം കാണിക്കൽ നോട്ടീസും നൽകി.
ഗവർണറുടെ യാത്രക്കായി ഇന്നലെ വൈകീട്ട് വിമാനത്താവളത്തിലേക്കുള്ള റോഡിലും ചാക്ക – കഴക്കൂട്ടം പാതയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് നഗരത്തിൽ വലിയ ഗതാഗതകുരുക്കിനും കാരണമായി. ഇതിന് പിന്നാലെ രാത്രി എട്ട് മണിയോടെ തലസ്ഥാനത്തെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർക്കും സിഐമാർക്കും കൺട്രോൾ റൂമിന്റെ ചുമതലയുള്ള എസിപിയ്ക്കും സിഐയ്ക്കും ഡിജിപിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി.
പൊലീസ് ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥരെ ഡിജിപി രൂക്ഷമായി ശകാരിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട ശകാരത്തിനൊടുവിൽ ഡിജിപി പോയെങ്കിലും ഉദ്യോഗസ്ഥരോട് ഓഫീസിൽ തുടരാൻ നിർദേശിച്ചു. പിന്നീട് കമ്മീഷണർ എംആർ അജിത് കുമാർ സ്ഥലത്തെത്തി.
നോർത്ത് ട്രാഫിക് എസിപിയ്ക്കും സിഐയ്ക്കും മെമ്മോയും നൽകിയ ശേഷമാണ് വിഷയം അവസാനിച്ചത്. അതേസമയം, ടെക്‌നോപാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡിജിപിയുടെ ഭാര്യയും ഇന്നലെ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു. ഇതേ തുടർന്നാണ് ഡിജിപിയുടെ നടപടിയെന്നും ആക്ഷേപമുണ്ട്. ഗതാഗത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നായിരുന്നു ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here