മലപ്പുറത്ത് 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നോട്ടെണ്ണുന്ന മെഷിനുകളും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു.

പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസല്‍ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്പനികളുണ്ടാക്കി ബില്‍ ട്രേഡിംഗ് നടത്തിയാണ് തട്ടിപ്പ്. കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ നിക്ഷേപകരെ സമീപിച്ചിരുന്നത്. ജിഎസ്ടി അക്കൗണ്ട് നിര്‍മിക്കുന്നതും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികള്‍ തന്നെ.

ജിഎസ്ടി തുക അടയ്ക്കാതായതിനെത്തുടര്‍ന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരാതിക്കാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ പിടിയിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായെത്തുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top