അത്താണി കൊലപാതകം; പ്രതികൾക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിൽ

നെടുമ്പാശേരി അത്താണി കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി. കൊലപാതകത്തിലെ മുഖ്യപ്രതികളായ മൂന്ന് പേർ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

നെടുമ്പാശേരി അത്താണിയിൽ നടുറോഡിൽ കൊലപാതകം നടത്തിയ മുഖ്യപ്രതികളായ വിനു, ലാൽ കിച്ചു, ഗ്രിന്റെഷ് എന്നിവരെ പിടികൂടാനാണ് 10 പേരടങ്ങുന്ന പൊലീസ് സംഘം തമിഴ്‌നാട് എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലേക്ക് പ്രതികൾ കടന്നരിക്കാം എന്ന് പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ പിടിയിലായ 5 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതികൾ സംസ്ഥാനം വിട്ട കാര്യം പൊലീസിന് വ്യക്തമായത്.

കോയമ്പത്തൂരിലെ ഗുണ്ടാ സംഘവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് വിനുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ലൈസൻസില്ലാത്ത തോക്കും പ്രതികളുടെ പക്കലുണ്ടായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

അതേസമയം അത്താണിയിൽ ഇനിയും ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അത്താണി ബോയ്‌സ് എന്ന ഗുണ്ടാ സംഘത്തിലെ പലരും ഇപ്പോൾ ഒളിവിലാണെന്നും ഇവർ പിന്നീട് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More