ശമ്പളപരിഷ്‌കരണം; സൂചനാ സമരം നടത്തി ഡോക്ടർമാർ

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി. രാവിലെ 8 മണി മുതൽ 10 മണി വരെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ചു.
അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം, അത്യാഹിത ശസ്ത്രക്രിയകൾ തുടങ്ങിയവ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ടു മണിക്കൂർ നേരത്തെ ഡോക്ടർമാരുടെ സൂചനാ സമരം ആയിരക്കണക്കിന് രോഗികളെ വലച്ചു. രാവിലെ മുതൽ തന്നെ തിരുവനന്തപുരം, കളമശേരി, കോഴിക്കോട് മെഡിക്കൽ കോളജിലെ ഒ പി കൗണ്ടറിന് മുന്നിൽ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
സമരം അറിയാതെ നിരവധി രോഗികളാണ് ആശുപത്രിയിലെത്തിയത്. എന്നാൽ രണ്ടുമണിക്കൂർ നേരത്തെ സമരം ആയതിനാൽ ഒ പി ടിക്കറ്റ് വിതരണം മുടങ്ങിയില്ല. അതേസമയം അനുകൂല നടപടിയുണ്ടായില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here