കൂടത്തായി കൊലക്കേസ്; അന്നമ്മ വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി

കൂടത്തായി അന്നമ്മ വധക്കേസിൽ ജോളി ജോസഫിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. കോഴിക്കോട് ജില്ലാ ജയിലിലെത്തി അന്വേഷണസംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും .
2002 ൽ കൊല്ലപ്പെട്ട പൊന്നാമറ്റം അന്നമ്മയുടേതാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസ്. ആട്ടിൻ സൂപ്പിൽ കലർത്തിയ വിഷം ഉള്ളിൽചെന്നായിരുന്നു അന്നമ്മ കൊല്ലപ്പെട്ടത്. ടോം തോമസ് വധക്കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ് റിമാന്റിലായ പ്രതി ജോളിയുടെ അറസ്റ്റ് കോഴിക്കോട് ജില്ലാ ജയിലിലെത്തിയാകും രേഖപ്പെടുത്തുക. പേരാമ്പ്ര സിഐ.ക്കാണ് അന്നമ്മ വധക്കേസിന്റെ അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂടാതെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ടൈപ്പ്‌റൈറ്ററും പെന്നാമറ്റത്തെ വീട്ടിൽനിന്ന് അന്വേഷണസംഘം കണ്ടെത്തി. അതിനിടെ റോയ് തോമസ് വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളി. താമശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നായിരുന്നു ആളൂർ അസോസിയേറ്റ് മേൽകോടതിയിൽ ഹർജി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here