കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി ചിലര്‍ പണം തട്ടുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരായിരിക്കും കേരള ബാങ്കിലെ ജീവനക്കാര്‍. പിഎസ്‌സി മുഖാന്തിരമാണ് സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്. യാതൊരു കാരണവശാലും വ്യാജവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പണം നല്‍കരുത്. ഇത്തരത്തില്‍ വ്യാജ ജോലി വാഗ്ദാനങ്ങളുമായി എത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
14 ജില്ലാ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാകും കേരള ബാങ്ക് രൂപീകരിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിപ്പിച്ചതോടെയാണ് സംസ്ഥാനത്തിന് ഒരു ബാങ്കെന്ന നിലയില്‍ കേരള ബാങ്ക് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആവശ്യമായ വായ്പകള്‍ക്കടക്കം കേരള ബാങ്കിനെ ആശ്രയിക്കാമെന്നതാണ് നേട്ടം. അധികാരമേറ്റ ഉടനെ കേരള ബാങ്കിന്റെ അനുമതിക്കായി സര്‍ക്കാര്‍ ആര്‍ബിഐയില്‍ അപേക്ഷ നല്‍കിയിരുന്നു. ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here