മുഖ്യ സെലക്ടറായി ലക്ഷ്മൺ ശിവരാമകൃഷ്ണൻ; സംഘത്തിൽ ആശിഷ് നെഹ്റയും വെങ്കിടേഷ് പ്രസാദും: സൂചനകൾ ഇങ്ങനെ

എംഎസ്കെ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി നടത്തുന്ന അവസാന ടീം പ്രഖ്യാപനം നാളെയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിനു ശേഷം നിലവിലുള്ള സെലക്ഷൻ കമ്മറ്റി സ്ഥാനമൊഴിയും. നാലു വർഷത്തെ സേവനത്തിനു ശേഷം കളമൊഴിയുന്ന ഈ സെലക്ഷൻ കമ്മറ്റിക്ക് പകരം ആരൊക്കെയാണ് വരിക എന്നതിനെപ്പറ്റി ചില സൂചനകളുണ്ട്.

ബിസിസിഐ തലപ്പത്തെ രാഷ്ട്രീയക്കളികളെപ്പറ്റി ഉയർന്ന നിരന്തര ആരോപണങ്ങൾക്കൊടുവിലാണ് ദേശീയ ടീം നായകനായിരുന്ന സൗരവ് ഗാംഗുലി പ്രസിഡൻ്റായത്. ഈ വഴിയിൽ തന്നെ സെലക്ഷൻ കമ്മറ്റിയും സഞ്ചരിക്കുമെന്നാണ് വിവരം. കഴിഞ്ഞ സെലക്ഷൻ കമ്മറ്റിയിൽ ആർക്കും ദേശീയ തലത്തിൽ ക്രിക്കറ്റ് കളിച്ച് കാര്യമായ പരിചയം ഇല്ലാതിരുന്നത് വലിയ ആക്ഷേപമായി ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ്റെ പേരാണ് മുഖ്യ സെലക്ടറായി പറഞ്ഞു കേൾക്കുന്നത്. തമിഴ്നാടുകാരനായ ലക്ഷ്മൺ ശിവരാമകൃഷ്ണന് കൃത്യമായ അവബോധവും പരിചയവുമുണ്ട്.

ഇദ്ദേഹത്തിനൊപ്പം വെങ്കിടേഷ് പ്രസാദ്, ആശിഷ് നെഹ്റ, ദീപ് ദാസ് ഗുപ്ത, രോഹൻ ഗവാസ്കർ എന്നിങ്ങനെ പ്രശസ്തരായ ചില പേരുകളും ഒപ്പം, അർഷദ് അയൂബ്, ഗഗൻ ഖോഡ എന്നിങ്ങനെ അപ്രശസ്തരായ പേരുകളുമുണ്ട്. വെങ്കിടേഷ് പ്രസാദും അർഷദ് അയൂബും സൗത്ത് സോണിൻ്റെ പ്രതിനിധിയായി സെലക്ഷൻ കമ്മറ്റിയിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വെങ്കിടേഷ് പ്രസാദിനെപ്പറ്റി പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. ഇന്ത്യക്കായി 13 ടെസ്റ്റുകളും 32 ഏകദിനങ്ങളും കളിച്ച ആളാണ് ഓഫ് സ്പിന്നറായ അർഷദ് അയൂബ്. ഭേദപ്പെട്ട ആഭ്യന്തര റെക്കോർഡുള്ള ബാറ്റ്സ്മാൻ ആയിരുന്ന ഗഗൻ ഖോഡയാണ് സെൻട്രൽ സോണിൻ്റെ പ്രതിനിധി. ആശിഷ് നെഹ്റ നോർത്ത് സോണിനെ പ്രതിനിധീകരിക്കും. ദീപ് ദാസ് ഗുപ്തയും രോഹൻ ഗവാസ്കറുമാണ് ഈസ്റ്റ് സോണിനായി കമ്മറ്റിയിൽ ഉണ്ടാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top