സംസ്ഥാന സ്കൂൾ ‘ഹരിത’ കലോത്സവം; പ്ലാസ്റ്റിക്കിനു പകരം ഒരുങ്ങുന്നത് മൂവായിരം തുണി സഞ്ചികൾ

കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കത്തിലാണ് സംഘാടകർ. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഹരിത കലോത്സവമൊരുക്കുന്നതിന്റെ അണിയറയിലാണ് ഓരോരുത്തരും. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ലളിതമായ സംവിധാനങ്ങളാണ് ഇവർ ഒരുക്കുന്നത്. കലോത്സവത്തിനെത്തുന്നവർക്ക് നൽകാൻ മൂവായിരത്തോളം തുണി സഞ്ചികളാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കുന്നത്.
കലോത്സവ വേദിയിലേക്ക് പ്ലാസ്റ്റിക് സഞ്ചികളുമായി വരുന്നവർക്ക് പകരം തുണി സഞ്ചി നൽകും. ഇത്തരത്തിൽ മൂവായിരത്തോളം തുണി സഞ്ചികളാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്.
ഉപയോഗത്തിനു ശേഷം ഉപേക്ഷിച്ച സാരികളാണ് തുണിസഞ്ചിയുടെ രൂപത്തിൽ പുനരുപയോഗപ്രദമാകുന്നത്. മടിക്കൈ, അജാനൂർ, പള്ളിക്കര പഞ്ചായത്തുകളിൽ നിന്നും കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച സാരികളാണ് കലോത്സവത്തിനായി തുണി സഞ്ചിയായി മാറുന്നത്.
GIT സ്ഥാപനത്തിലെ വിദ്യാർത്ഥികളും കുടുംബശ്രി പ്രവർത്തകരും ചേർന്നാണ് തുണിസഞ്ചികളുടെ നിർമ്മാണം.
ലളിതവും ചെലവ് കുറഞ്ഞതും ഒപ്പം പരിസ്ഥിതിക്കിണങ്ങുന്നതുമായ മാർഗ്ഗങ്ങൾ കണ്ടെത്തി മാലിന്യ മുക്തമായ കലാമാമാങ്കമൊരുക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. 5000ത്തോളം തുണി സഞ്ചികൾ തയ്യാറാക്കി കലോത്സവത്തെ ഹരിത കലോത്സവമാക്കിമാറ്റുക എന്ന ലക്ഷ്യത്തിലാണ് ഇവർ.