പന്തീരാങ്കാവ് അറസ്റ്റ്; അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാൻ വച്ചിരുന്നെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസ് ഡയറി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ഫോറൻസ്‌ക് പരിശോധന രേഖകളും ഡിജിറ്റൽ തെളിവുകളും ഹാജരാക്കാനാണ് പൊലീസ് തീരുമാനം. മാവോയസിറ്റ് ബന്ധം ഉണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് അന്വേഷിക്കുന്ന മലപ്പുറം സ്വദേശി ഉസ്മാനെ കുറിച്ചും പൊലീസ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

Read Also : ‘ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നത്?’ : പി മോഹനനെ ന്യായീകരിച്ച് പി ജയരാജൻ

അലനെയും താഹയെയും ചോദ്യം ചെയ്തപ്പോൾ ഉസ്മാനെ കുറിച്ചുള്ള വിവരം ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുഎപിഎ ചുമത്തിയ പൊലീസ് നടപടി നീതി നിഷേധമാണെന്ന വാദമാണ് പ്രതികളുടേത്.

നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top