ഭവന രഹിതര്‍ക്ക് വീടൊരുക്കാന്‍ ബസ് സ്റ്റാന്‍ഡ് പണയം വയ്ക്കാനൊരുങ്ങി മലപ്പുറം നഗരസഭ

ഭവന രഹിതര്‍ക്ക് വീടൊരുക്കാന്‍ ബസ് സ്റ്റാന്‍ഡ് പണയം വച്ച് വായ്പയെടുക്കാനൊരുങ്ങി മലപ്പുറം നഗരസഭ. വായ്പയായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടാണ് മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിനെ നഗരസഭ സമീപിച്ചത്. നഗരസഭാ ഭരണസമിതി കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് 75 കോടിയിലധികം മൂല്യമുള്ള ബസ് സ്റ്റാന്‍ഡ് പണയം വയ്ക്കുന്നത്.

പിഎംഎവൈ ലൈഫ് ഭവന പദ്ധതിയുടെ നടത്തിപ്പിന് നഗരസഭയുടെ വിഹിതം കണ്ടെത്തുന്നതിനായാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക പ്രശ്‌നം രൂക്ഷമായതോടെയാണ് നഗരസഭാ കെട്ടിടത്തോട് ചേര്‍ന്നുള്ള മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പണയപ്പെടുത്താന്‍ തീരുമാനിച്ചത്. ഇരുപത് വര്‍ഷത്തെ കാലാവധിയിലാണ് വായ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ 50 ശതമാനം നഗരസഭയും 50 ശതമാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. 332 വീടുകളുടെ അപേക്ഷയാണ് നഗരസഭയ്ക്കു മുന്‍പിലുള്ളത്. ഇതിനായി 4.98 കോടി രൂപ ചെലവഴിക്കണം. ഇത്രയും വലിയ തുകയ്കുള്ള ഫണ്ടിലില്ലാത്തതിനാലാണ് പണയം ബസ് സ്റ്റാന്‍ഡ് വയ്ക്കാന്‍ തീരുമാനിച്ചത്. അതിനിടയില്‍ മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡ് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് പണയപ്പെടുത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More