മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. അജ്ഞാത മൃതദേഹം എന്ന നിലക്കുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി.
ഇവർ കൊല്ലപ്പെട്ട് മൂന്നാഴ്ച പിന്നിട്ടതോടെയാണ് പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ തേടി പത്രപ്പരസ്യം നൽകിയിരുന്നു. എന്നാൽ ആരും എത്താത്തതിനെ തുടർന്ന് അജ്ഞാത ജഡമെന്ന നിലയിലാണ് സംസ്‌കാരം നടത്തിയത്. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് പുറത്തിറക്കിയ മൃതദേഹത്തിൽ മനുഷ്യാവകാശ പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു.
പതിനൊന്ന് മണിയോടെ ഗുരുവായൂർ മുനിസിപ്പാലിറ്റി ശ്മശാനത്തിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. എന്നാൽ ആളെ തിരിച്ചറിയാതെ സംസ്‌കാരം നടത്തിയത് അംഗീകരിക്കാനാകില്ലെന്നും നിയമനടപടികളുമായി മുന്നോട്ടപോകുമെന്നും മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ അരവിന്ദിന്റെ മൃതദേഹം കൂടിയാണ് ഇനി സംസ്‌കരിക്കാനുള്ളത്. ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമാകും അക്കാര്യത്തിൽ തീരുമാനമുണ്ടാകുക.
manjikandi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here