വയനാട്ടിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു

വയനാട്ടിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ. ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹ്‌ല ഷെറിനാണ് ഇന്നലെ പാമ്പ് കടിയേറ്റ് മരിച്ചത്.
സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടി. ആരോഗ്യ വകുപ്പ് സംഘം ഡിഎംഓയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
സ്‌കൂളിന് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലെന്നും റിപ്പോർട്ടുകളുണ്ട്. ക്ലാസ് മുറികളിൽ നിരവധി മാളങ്ങളുണ്ട്. എന്നാൽ ക്ലാസ് മുറികളിലേക്ക് ചെരിപ്പിട്ട് കയറാൻ പാടില്ലെന്ന് പ്രധാനാധ്യാപകൻ നിർദേശം നൽകിയതായി സഹ്‌ലയുടെ സഹപാഠികൾ പറഞ്ഞു.
അതേ സമയം, വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽവെച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം നടത്തുകയാണ്.
എന്നാൽ രക്ഷിതാവ് താൻ വന്ന ശേഷം ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അറിയിച്ചതിനാലാണ് അഞ്ച് മിനിറ്റോളം കാത്തിരുന്നതെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ വാദം. സ്‌കൂളിന് തെറ്റ് പറ്റിയെന്ന് കരുതുന്നില്ലെന്നും പ്രധാനാധ്യപകൻ പറഞ്ഞു. അധ്യാപകരുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും പ്രഥമ ദൃഷ്ട്യാ ഇല്ലെന്നും ആദ്യം കാണിച്ച് ആശുപത്രിയിലെ ഡോക്ടർക്കും കാര്യം മനസിലായില്ലെന്നും പ്രധാനാധ്യാപകൻ മോഹന്‍ കുമാര്‍.
സംഭവത്തിൽ കളക്ടറുടെ നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘവും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here