വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

വയനാട് ബത്തേരി പുത്തൻകുന്നിൽ സ്കൂളിൽവച്ച് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അധ്യാപകൻ ഷാജിലിന് സസ്പെൻഷൻ. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
സ്കൂളിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. വിഷയത്തിൽ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയിൽവെച്ച് ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയിൽ കാല് കുടുങ്ങുകയും കാലിൽ മുറിവ് പറ്റിയതായും ആണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാർത്ഥി പറഞ്ഞെങ്കിലും അധ്യാപകർ ഗൗനിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു. രക്ഷിതാവിനെ വിവരമറിയിക്കാൻ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികൾ പറയുന്നു.
അതേസമയം സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം പുകയുകയാണ്. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതും ക്ലാസ് മുറികൾ വേണ്ട രീതിയിൽ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പൂട്ടിയിട്ട സ്റ്റാഫ് റൂം നാട്ടുകാർ അടിച്ച് തകർത്തു. പ്രതിഷേധം ഭയന്ന് സ്റ്റാഫ് റൂം പൂട്ടിയിട്ട് അതിനകത്തിരിക്കുകയായിരുന്നു അധ്യാപകർ. ഈ മുറിയുടെ പൂട്ടാണ് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പൊളിച്ച് അകത്തേക്ക് കയറിയത്.
കുട്ടിയുടെ മരണത്തിന് കാരണം അധ്യാപകരുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വൃത്തിഹീനമായ അന്തരീക്ഷമാണ് സ്കൂളിലുള്ളത്. എന്നിട്ടും സിമന്റിട്ട വൃത്തിഹീനമായ തറയിൽ ചെരുപ്പിട്ട് കയറാൻ വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സമ്മതിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here