‘ഷൂട്ടിംഗ് ഷെഡ്യൂൾ ആവശ്യപ്പെട്ടപ്പോൾ ശകാരം; സിനിമ കഴിഞ്ഞിട്ട് ശരിയാക്കുമെന്ന് ഭീഷണി’; വെയിലിന്റെ സംവിധായകനെതിരെ ഷെയ്ൻ നിഗം

ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കത്തെ തുടർന്ന് വിവാദമായ ചിത്രമാണ് വെയിൽ. ചിത്രത്തിന്റെ സംവിധായകൻ ശരത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ൻ. നവംബർ 16ന് ലൊക്കേഷനിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നുവെന്ന് ഷെയ്ൻ ഫേസ്ബുക്കിൽ രുറിച്ചു.

ചെറിയ കാര്യങ്ങൾക്ക് വരെ പ്രശ്‌നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. തന്റെ മാനേജർ സതീഷ് ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാവരുടേയും മുന്നിൽവച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിച്ചു. സിനിമ കഴിഞ്ഞ് ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ഷെയ്ൻ പറയുന്നു. ഷോട്ട് റെഡിയാണെന്ന് പറഞ്ഞ് തന്നെ വിളിച്ചു വരുത്തിയതിന് ശേഷമാണ് ലൈറ്റ് അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കൂർ വരെ ആണ് സിനിമയ്ക്ക് വേണ്ടി സഹകരിച്ചുകൊണ്ടിരിക്കുന്നത്. തന്റെ മനഃസാന്നിധ്യത്തിന് കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനമെന്നും ഷെയ്ൻ പറയുന്നു.

തന്നിലെ കലാകാരന് അത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ താൻ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തുതീർത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 8 സീനുകൾ ചെയ്തു തീർത്തു. സങ്കീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ച് പ്രവർത്തിച്ച തന്നോട് ഇന്നലെ രാവിലെ കൂടി ശരത്ത് വളരെ മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് മുന്നോട്ടു പോകാൻ തനിക്ക് കഴിയില്ല. താൻ ആരുടെയും അടിമയല്ലെന്നും ഞാനും മനുഷ്യനാണെന്നും പറഞ്ഞാണ് ഷെയ്ൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More