പിജെ ജോസഫിനെ വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രം: പാർട്ടിയിലെ ഭൂരിപക്ഷവും ജോസ് കെ മാണിയ്ക്കൊപ്പമെന്ന് ലേഖനത്തിൽ

പിജെ ജോസഫിനെ വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വീണ്ടും ലേഖനം. കോടതി നടപടികളിൽ തിരിച്ചടി നേരിട്ടതിന്റെ ജാള്യത മറയ്ക്കാൻ പതിവുപോലെ പാർട്ടി മുഖപത്രം ആയുധമാക്കിയാണ് ജോസ് കെ മാണി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പിജെ ജോസഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം രൂക്ഷ വിമർശനവും ലേഖനത്തിലുണ്ട്.

‘ജോസഫിന്റെ കുതന്ത്രങ്ങൾ ബൂമറാങ്ങാകുമ്പോൾ’ എന്ന തലക്കെട്ടിലാണ് ലേഖനം. അരിയാഹാരം കഴിക്കുന്നവർക്ക് ചിരിക്കാൻ വക നൽകുന്നതാണ് ജോസ് കെ മാണിയ്ക്കെതിരായ ജോസഫിന്റെ ആക്ഷേപങ്ങളെന്നും ലേഖനത്തിൽ. ബൂമറാങ്ങ് പോലെ അത് ജോസഫിനു നേരെ തിരിച്ചടിക്കുന്നു.

കർണ്ണനെ പോലെ നിരായുധനായി നിൽക്കുകയാണ് ജോസഫ്. കണ്ണടച്ച് പാലുകുടിക്കുന്ന മാർജാരനെ പോലെ പാർട്ടി പിടിക്കാൻ ജോസഫ് നടത്തുന്ന ശ്രമങ്ങൾ പരിഹാസ്യമെന്നാണ് വിമർശനം. കുതന്ത്രശാലിയെന്ന ജോസഫിന്റെ ആക്ഷേപം അദ്ദേഹത്തിന്റെ കാര്യത്തിൽ തന്നെയാണ് അന്വർത്ഥമാകുന്നതെന്നും ലേഖനത്തിൽ പറയുന്നു.

കെഎം മാണിയുടെ രാഷ്ട്രീയ മഹത്വത്തിന്റെ ബാക്കി പത്രമാണ് ജോസഫിന്റെ രാഷ്ട്രീയ ജീവിതമെന്നും ലേഖനം വിമർശിക്കുന്നു. പാർട്ടി പിളർത്തി പല തവണ പുറത്ത് പോയ ആളാണ് ജോസഫെന്നും പാർട്ടിയിലെ ഭൂരിപക്ഷവും ജോസ് കെ മാണിയ്ക്കൊപ്പമാണെന്നും ലേഖനത്തിൽ.

കെഎം മാണിയെന്ന വികാരം ഉണർത്തി അണികളെ കൂടെ നിർത്താൻ കെഎം മാണി ഫൗണ്ടേഷൻ രൂപീകരിച്ചും മാണിയുടെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചും പിജെ ജോസഫ് ശ്രമം ആരംഭിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ജോസ് വിഭാഗത്തിന്റെ മുഖപത്ര ലേഖനം.

കെഎം മാണി കാട്ടിയ സൗഹൃദത്തിന്റെ നന്ദി ജോസഫ് തിരികെ കാട്ടിയില്ലെന്ന് സ്ഥാപിക്കാനാണ് ലേഖനത്തിലൂടെ ജോസ് വിഭാഗം ശ്രമിക്കുന്നത്.

 

pj joseph, jose k mani, kerala congress (M)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top